'എവിടെ ഏജന്‍റ് '? ഒടിടി റിലീസ് വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി തെലുങ്ക് പ്രേക്ഷകര്‍
തിയറ്റര്‍ റിലീസിന് പിന്നാലെ ചിത്രം മെയ് 19 ന് ഒടിടിയില്‍ റിലീസ് ചെയ്യപ്പെടുമെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്
തെലുങ്കില്‍ പറയത്തക്ക ബോക്സ് ഓഫീസ് വിജയങ്ങളൊന്നും സ്വന്തമായില്ലെങ്കിലും യുവതാരനിരയില്‍ ശ്രദ്ധിക്കപ്പെട്ട സാന്നിധ്യമാണ് അഖില്‍ അക്കിനേനി. തനിക്ക് വലിയ ബ്രേക്ക് നല്‍കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ച ചിത്രമായിരുന്നു ഈ വര്‍ഷം പുറത്തെത്തിയ ഏജന്‍റ്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ആക്ഷന്‍ സ്പൈ ചിത്രത്തില്‍ മമ്മൂട്ടിയാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തിയത്. വലിയ പ്രതീക്ഷകളോടെ ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം പക്ഷേ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല, ബോക്സ് ഓഫീസില്‍ വലിയ ദുരന്തവുമായി. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരുന്നെങ്കിലും ചിത്രം ഇതുവരെ സ്ട്രീം ചെയ്യപ്പെട്ടിട്ടില്ല. ചിത്രത്തിന്‍റെ ഒടിടി റിലീസ് എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യം അഖില്‍ അക്കിനേനി ആരാധകര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തുന്നുണ്ട്.
തിയറ്റര്‍ റിലീസിന് പിന്നാലെ ചിത്രം മെയ് 19 ന് ഒടിടിയില്‍ റിലീസ് ചെയ്യപ്പെടുമെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇത് സംഭവിച്ചില്ല. ജൂണ്‍ 23 എന്ന തീയതിയാണ് തെലുങ്ക് മാധ്യമങ്ങളുള്‍പ്പെടെ പിന്നീട് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആ തീയതിയിലും ചിത്രം എത്തിയില്ല. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അനില്‍ സുങ്കരയും സോണി ലിവും തമ്മിലുള്ള സാമ്പത്തിക വിഷയമാണ് ഒടിടി റിലീസ് നീളാന്‍ കാരണമെന്ന പ്രചരണത്തിന് പിന്നാലെ തന്‍റെ ഭാഗം വിശദീകരിച്ച് നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. പ്രചരണങ്ങള്‍ ശരിയല്ലെന്നും തന്‍റെ ഭാഗത്തുനിന്ന് ഒടിടി റിലീസിന് തടസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു- ഒടിടിക്ക് വേണ്ടി ചിത്രം റീ എഡിറ്റ് ചെയ്യുന്നുവെന്ന പ്രചരണവും തെറ്റാണ്. ഒടിടി സ്ട്രീമിംഗിനുവേണ്ടി ചിത്രം പൂര്‍ണ്ണമായും തയ്യാറാണ്. എന്തുകൊണ്ട് വൈകുന്നുവെന്നത് സോണി ലിവിന് മാത്രമേ അറിയൂ, നിര്‍മ്മാതാവ് പറഞ്ഞിരുന്നു.
അതേസമയം ഒരു ചിത്രം തിയറ്ററില്‍ പരാജയപ്പെട്ടെന്ന് കരുതി ഒടിടി റിലീസിനായി കാത്തിരിക്കുന്നവര്‍ ഉണ്ടാവില്ലേയെന്നാണ് അഖില്‍ അക്കിനേനി ആരാധകര്‍ ചോദിക്കുന്നത്. സോണി ലിവ് വൈകാതെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച ചിത്രം കൂടിയാണ് ഏജന്‍റ്. സാക്ഷി വൈദ്യയാണ് നായിക. ഛായാഗ്രഹണം റസൂൽ എല്ലൂര്‍ ആണ്. എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക