കനക സിനിമ വിട്ടത് എന്തുകൊണ്ട്; 'മനസ്സിലെ മായാത്ത മുറിവ്' കാരണം വെളിപ്പെടുത്തി സൂപ്പര്‍താരം
അടുത്തിടെ നടിയുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് വീഡിയോകള്‍ അടക്കം പുറത്തുവന്നിരുന്നു.
ചെന്നൈ: ഒരു കാലത്ത് തമിഴിലും മലയാളത്തിലുമായി തിളങ്ങി നിന്ന നടിയായിരുന്നു കനക. മുന്‍നിര താരങ്ങളായിരുന്നു കനകയുടെ നായകന്മാര്‍. തമിഴില്‍ രജനീകാന്ത്, വിജയകാന്ത്, പ്രഭു, കാര്‍ത്തിക്, ശരത് കുമാര്‍ എന്നിവരും മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരും താരത്തിന്റെ ജോഡിയായി. മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെ ആയിരുന്നു മലയാളത്തിലേക്ക് കനക എത്തുന്നത്.
ശേഷം വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ ഒത്തിരി സിനിമകളില്‍ അഭിനയിച്ചു. ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കനക.
അടുത്തിടെ നടിയുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് വീഡിയോകള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ അതിന് പിന്നാലെ തനിക്ക് ഇനിയും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് കനക ഒരു വീഡിയോ ചെയ്തിരുന്നു അത് വൈറലായിരുന്നു.
എന്നാല്‍ എന്തിനാണ് കനക സിനിമയില്‍ നിന്നും വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് നടന്‍ ശരത് കുമാര്‍. 1992 ല്‍ പുറത്തിറങ്ങിയ 'ചാമുണ്ഡി' എന്ന സിനിമയില്‍ ശരത് കുമാറും കനകയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ കനകയെക്കുറിച്ചുള്ള ചോദ്യത്തിന് ശരത് കുമാര്‍ മറുപടി നല്‍കി.
മറ്റൊരു നടിയോടും താരതമ്യപ്പെടുത്താനാവാത്ത വിധം തന്‍റെ അഭിനയ ജീവിതത്തില്‍ കഠിനാധ്വാനിയായിരുന്നു കനക. സിനിമകളോടുള്ള കനകയുടെ സ്‌നേഹം അപാരമായിരുന്നു. പക്ഷേ ജീവിതത്തില്‍ സംഭവിച്ച ചില നിരാശകളും പശ്ചാത്താപങ്ങളും അവളുടെ മനസ്സില്‍ മായാത്ത മുറിവായി. ഇത് വളര്‍ന്ന് സമ്മര്‍ദ്ദവും പിന്നെ വിഷാദമായപ്പോഴാണ് അവര്‍ മെല്ലെ മെല്ലെ സിനിമ വിട്ടത്.
സിനിമാ മേഖലയിലുള്ള പലരും ഇത്തരം സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് സിനിമാ മേഖലയില്‍ എത്തുന്നവര്‍ക്ക് ഈ മേഖലയെക്കുറിച്ച് ശരിയായ ഉപദേശം നല്‍കണമെന്ന് ഞാന്‍ പലതവണ പറയുന്നത് എന്നും ശരത് കുമാര്‍ വ്യക്തമാക്കി.
നേരത്തെ തന്‍റെ അഭിനയ മോഹത്തെക്കുറിച്ച് കനക ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പണ്ടത്തെപ്പോലെ കഴിയില്ലെങ്കിലും അഭിനയ ലോകത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചായിരുന്നു ആ വീഡിയോ വന്നത്.
ഡൈവോഴ്സെന്ന് വാര്‍ത്തകള്‍; പിന്നാലെ ആരാധകരെ ഞെട്ടിച്ച് സൂര്യയും ജ്യോതികയും.!