Marakkar: 'മരക്കാര്‍' തിയറ്ററില്‍ കാണും മുമ്പേ അറിയേണ്ട കാര്യങ്ങള്‍
മോഹൻലാല്‍ നായകനായ ചിത്രത്തെ കുറിച്ചും ചരിത്രത്തിലെ 'മരക്കാറി'നെ കുറിച്ചും ചില കാര്യങ്ങള്‍.
'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന (Marakkar: Arabikadalinte Simham) ചിത്രം തിയറ്ററുകളിലേക്ക് എത്താൻ മണിക്കൂറുകള്‍ മാത്രം. മോഹൻലാല്‍ നായകനായ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ഉത്സവാന്തരീക്ഷത്തിലാണ് ആരാധകര്‍. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഓരോ വിശേഷവും ആരാധകര്‍ ആഘോഷമാക്കുന്നു. മരക്കാര്‍ സ്‍ക്രീനില്‍ കാണും മുമ്പ് അറിയേണ്ട ചരിത്രവും ആഖ്യാനസംബന്ധവുമായ ചില കാര്യങ്ങള്‍ ഇതാ.
ചരിത്രത്തില്‍ നടന്ന കാര്യങ്ങളാണ് സിനിമാരൂപത്തില്‍ സ്‍ക്രീനിലേക്ക് എത്തുന്നത്. പക്ഷേ രേഖപ്പെടുത്തിയ ചരിത്രം തുലോം തുഛം. പോര്‍ച്ചുഗീസുകാരോട് പടവെട്ടിയ കുഞ്ഞാലി മരക്കാറാണ് കഥാ നായകൻ. ചരിത്രത്തിലെ പോരാട്ട സംഭവങ്ങളാണ് സ്‍ക്രീനിലേക്ക് എത്തിക്കുന്നതെങ്കിലും സാങ്കല്‍പികമായ ഒട്ടേറെ ചേരുവകള്‍ ഉണ്ടെന്നാണ് സംവിധായകൻ പ്രിയദര്‍ശൻ തന്നെ തുറന്നു സമ്മതിച്ചത്. ഭാവനയെ കൂട്ടുപിടിക്കാൻ കാരണം ലഭ്യമായ ചരിത്ര വിവരങ്ങളുടെ അഭാവമായിരുന്നു. കുഞ്ഞാലി മരക്കാര്‍ നാല് പേരെക്കുറിച്ചാണ് ചരിത്രം പറയുന്നത്. ഇവര്‍ തമ്മില്‍ എന്താണ് ബന്ധമെന്ന് കൃത്യമായി വിവരങ്ങളില്ല. കുഞ്ഞാലി മരക്കാര്‍മാരെ കുറിച്ചുള്ള പല വിവരങ്ങളും അപര്യാപ്‍തം. അതുകൊണ്ടുതന്നെ മരക്കാര്‍: അറബിക്കടലിന്റെ സിഹം ചരിത്രത്തിന്റെ നേര്‍പതിപ്പെന്ന രീതിയില്‍ ഒരു ഡോക്യുമെന്ററിയായി കാണരുതെന്ന് പ്രിയദര്‍ശൻ പല അഭിമുഖങ്ങളിലും ജാമ്യമെടുത്തിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തും ആവോളം സ്വാതന്ത്ര്യമെടുത്തു ചരിത്രത്തില്‍ നിന്നുള്ള സംഭപോലും മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനായി. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിലെ സ്‍ത്രീ കഥാപാത്രങ്ങൾ മിക്കതും സാങ്കല്‍പികമാണെന്നും പ്രിയദര്‍ശൻ പറയുന്നു.
ഗവേഷണങ്ങള്‍ ഒരുപാട് വേണ്ടിവന്നു കുഞ്ഞാലി മരക്കാറെ സ്‍ക്രീനിലിത്തിക്കാൻ. സാബു സിറില്‍ എന്ന കലാസംവിധായകൻ ഒപം ചേര്‍ന്നതോടെയാണ് മരക്കാറിന് കൂടുതല്‍ മിഴിവേകിയതെന്ന് പ്രിയദര്‍ശൻ പറഞ്ഞിരുന്നു. മറഞ്ഞുപോയ ഒരു കാലഘട്ടത്തെ പുനസൃഷ്‍ടിക്കുന്നതില്‍ സാബു സിറിളിന്റെ പങ്ക് എടുത്തുപറയുന്നു അഭിമുഖങ്ങളില്‍ പ്രിയദര്‍ശൻ. കടല്‍ യുദ്ധമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ചരിത്രത്തിലേക്ക് പോയാല്‍ കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിട്ടാണ് കുഞ്ഞാലി മരക്കാര്‍ അടയാളപ്പെട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യ നാവിക സേനാ തലവനായിരുന്നു മരക്കാർ എന്നും പറയപ്പെടുന്നു. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നുവെന്ന ചരിത്രരേഖകള്‍ വാദിക്കുന്നു. പോര്‍ച്ചുഗീസുകാരുമായി ഏറ്റുമുട്ടിയ മരക്കാർ വംശത്തിലെ ആദ്യത്തെ പോരാളി മമ്മാലി മരയ്ക്കാർ ആയിരുന്നു. മമ്മാലി മരയ്ക്കാർക്കു ശേഷം കുട്ട്യാലി മരയ്ക്കാർ നാവികസേനയുടെ പടനായകനായി. കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനും കുട്ട്യാലി മരയ്ക്കാരുടെ പുത്രനും ആയ മുഹമ്മദ് മരയ്ക്കാരാണ് ആദ്യത്തെ കുഞ്ഞാലി മരയ്ക്കാർ എന്നാണ് വാദങ്ങള്‍.
പോര്‍ച്ചുഗീസുകാരുടെ ശല്യം സഹിക്കവയ്യാതെ നാട്ടുകാരുമായി മുഹമ്മദ് മരയ്ക്കാര്‍ സാമൂതിരിയെ മുഖം കാണിച്ചു. പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്ന് മുഹമ്മദ് മരയ്ക്കാര്‍ അറിയിച്ചു. മുഹമ്മദ് മരയ്ക്കാറിനെ ബോധിച്ച സാമൂതിരി അദ്ദേഹത്തെ നാവികസേനയുടെ തലവനാക്കുകയും കുഞ്ഞാലി മരയ്ക്കാർ എന്ന സ്‍ഥാനപ്പേര് നല്‍കുകയും ചെയ്‍തു. മുഹമ്മദ് കുഞ്ഞാലി മരക്കാര്‍, കുട്ടി മുഹമ്മദ് കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ രണ്ട് പേരുകളില്‍ അറിയപ്പെടുന്നുണ്ട് ഇദ്ദേഹം. പോര്‍ച്ചുഗീസുകാര്‍ക്ക് ഏറെ നാശങ്ങള്‍ വരുത്തിയ ഇദ്ദേഹം ശ്രീലങ്കൻ തീരത്തുള്ള വിതുലയില്‍ വെച്ച് 1539ല്‍ വധിക്കപ്പെട്ടുവെന്നാണ് പറയുന്നത്.
കുട്ടി അലി എന്ന കുഞ്ഞാലി രണ്ടാമനും ഏറെ കരുത്തനായിരുന്നു. മുഹമ്മദ് കുഞ്ഞാലി മരക്കാറിന്റെ മരണ ശേഷം നാവികപടയുടെ നായകസ്ഥാനം ഏറ്റെടുത്ത യുവാവായ കുഞ്ഞാലി രണ്ടാമൻ പോര്‍ച്ചുഗീസുകാരുടെ പേടിസ്വപ്‍നമായിരുന്നു. സാമൂതിരി രാജാവിനെ വെല്ലുവിളിക്കാൻ ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ ഒരു കോട്ട പണിതിരുന്നു. സാമൂതിരിയുടെ സൈന്യത്തിന് വെല്ലുവിളിയായി മാറിയ ചാലിയം കോട്ട തകര്‍ത്ത നാവിക തലവനായിരുന്നു കുഞ്ഞാലി മൂന്നാമൻ. സൈന്യത്തിന്റെ നവീകരണത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു പാട്ടുമരക്കാര്‍ എന്ന കുഞ്ഞാലി മൂന്നാമൻ. പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്ത പട്ടു മരക്കാർക്ക് പുതുപ്പട്ടണത്ത് ഒരു കോട്ട കെട്ടാൻ സാമൂതിരി അനുവാദം നല്‍കിയിരുന്നു. മരക്കാര്‍ കോട്ട എന്ന പേരില്‍ ഇത് അറിയപ്പെട്ടു.
കുഞ്ഞാലി മരക്കാര്‍ മൂന്നാമന്റെ കാലം മുതലേ ചരിത്രത്തിലെ ട്വിസ്റ്റിന് തുടക്കമായിരുന്നു. ചാലിയം കോട്ട തകര്‍ന്നത് പോര്‍ച്ചുഗീസുകാര്‍ക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. പൊന്നാനിയില്‍ ഒരു കോട്ട കെട്ടാനുള്ള അനുമതി പല തന്ത്രങ്ങളിലൂടെ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയില്‍ നിന്ന് സ്വന്തമാക്കി. സാമൂതിരിയെയും കുഞ്ഞാലി മരക്കാറിനെയും പരസ്‍പരം തെറ്റിക്കുകയെന്നതായി പോര്‍ച്ചുഗീസുകാരുടെ ലക്ഷ്യം. പോര്‍ച്ചുഗീസുകരുടെ കുതന്ത്രങ്ങളില്‍ ഒടുവില്‍ സാമൂതിരി വീഴുകയും ചെയ്‍തു. ഇന്ത്യൻ സമുദ്രങ്ങളിലെ നായകൻ എന്ന് സ്വയം കുഞ്ഞാലി മരക്കാര്‍ വിശേഷിപ്പിച്ചത് സാമൂതിരിക്ക് ഇഷ്‍ടമായില്ല. പല തുടര്‍ സംഭവങ്ങളിലൂടെയും സാമൂതിരി കുഞ്ഞാലി മരക്കാറുമായി അകന്നു. പോര്‍ച്ചുഗീസുകാരുടെ തന്ത്രങ്ങളാണ് ഇതൊക്കെയെന്ന് മനസിലാക്കാതെ അവരുടെ സഹായം തന്നെ സാമൂതിരി സ്വീകരിച്ചു. പോര്‍ച്ചുഗീസുകാരുമായി ചേര്‍ന്നു തന്നെ മരക്കാര്‍ കോട്ട ആക്രമിച്ചെങ്കിലും സാമൂതിരിക്ക് ആദ്യം പരാജയപ്പെടേണ്ടി വന്നു. പിൻവാങ്ങാൻ സാമൂതിരി ഒരിക്കലും തയ്യാറായിരുന്നില്ല. ആക്രമണങ്ങള്‍ തുടര്‍ന്നു. പിന്നീടുള്ള ആക്രമണത്തില്‍ തോല്‍ക്കുമെന്ന ഘട്ടത്തില്‍ മരക്കാര്‍ എത്തി. മാപ്പ് നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മരക്കാര്‍ സാമൂതിരിക്ക് മുന്നില്‍ കീഴടങ്ങി. പക്ഷേ വാക്കു പാലിക്കാൻ തയ്യാറാകാതിരുന്ന സാമൂതിരി കുഞ്ഞാലി മരക്കാറെ പോര്‍ച്ചുഗീസുകാരെ ഏല്‍പ്പിച്ചു. മരക്കാറെ ഗോവയിലെത്തിച്ച പോര്‍ച്ചുഗീസുകാര്‍ അദ്ദേഹത്തെ കൊന്നുവെന്നുമാണ് ചരിത്രം പറയുന്നത്. വിദേശികളായ പോര്‍ച്ചുഗീസുകാരോട് എതിര്‍ത്തുനിന്ന രാജ്യസ്‍നേഹിയായി തലയുയര്‍ത്തി തന്നെയാണ് കുഞ്ഞാലി മരക്കാറുടെ നില്‍പ്.