'സുകുമാര്‍, ആദ്യ പ്രൊമോയിലെ കടുവ സീന്‍ എവിടെ'? 'പുഷ്‍പ 2' കണ്ട ആരാധകര്‍ ചോദിക്കുന്നു
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
അല്ലു അർജുൻ നായകനായ 'പുഷ്പ 2: ദ റൂൾ' തിയറ്ററുകളിൽ ആവേശമായി ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. തെന്നിന്ത്യ മുഴുവനും ഒപ്പം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 500 കോടിയിലേറെ കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റേതായി ഒന്നര വര്‍ഷം മുന്‍പ് എത്തിയ ആദ്യ പ്രൊമോ വീഡിയോയിലെ ചില രംഗങ്ങള്‍ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്.
പ്രൊമോ വീഡിയോ സംബന്ധിച്ച സംശയങ്ങള്‍ ചർച്ചയിൽ പലരും ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ അണിയറക്കാര്‍ പുറത്തുവിട്ട മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ ആയിരുന്നു ഇത്. 'തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെ’ എന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന ആ വീഡിയോയുടെ അവസാനം ഒരു കാടിനുള്ളിൽ ഒരു കടുവയുടെ അടുത്തായി പുഷ്പയെ കാണിച്ചിരുന്നു. പക്ഷേ ഈ പ്രൊമോയുടെ രംഗങ്ങളോ അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളോ 'പുഷ്പ 2' ൽ ഇല്ല.
ഒരു മൂന്നാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടാണ് 'പുഷ്പ 2' അവസാനിക്കുന്നത്. ഈ രംഗങ്ങൾ 'പുഷ്പ 3: ദ റാംപേജ്' എന്ന മൂന്നാം ഭാഗത്തിലേതാകാം, 'പുഷ്പ 3' യുടെ സാധ്യതകൾ പ്രേക്ഷകർക്ക് മുൻകൂട്ടി കാണിച്ചുകൊടുത്ത സുകുമാർ ബ്രില്യൻസാണ് ഇതെന്നും ചിലർ പറയുന്നു. എന്നാൽ ഇത് പ്രൊമോയ്ക്ക് വേണ്ടി മാത്രം ചിത്രീകരിച്ചതാകാം എന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നുമുണ്ട്.
അതേസമയം ലോകം മുഴുവൻ വലിയ രീതിയിലുള്ള വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും നോർത്ത് ഇന്ത്യൻ മാർക്കറ്റിലും പുഷ്പ 2 മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിലെ അല്ലു അർജുന്‍റെ പ്രകടനവും ഫഹദിന്‍റെ പ്രതിനായക കഥാപാത്രവും സുകുമാറിന്‍റെ മികച്ച മേക്കിങ്ങും ഒക്കെ കൈയടികൾ നേടുന്നുണ്ട്. തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിംഗ് മാമാങ്കമാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിട്ടിരുന്നത്. അത് ഏറെ ഫലം കണ്ടു എന്നാണ് ആദ്യ ദിനങ്ങളിലെ കളക്ഷൻ സൂചിപ്പിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ്.
'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്ന പ്രവചനങ്ങള്‍ തെറ്റയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ചാനുഭവം തന്നെ തീർത്തിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായി എത്തിയ പുഷ്പ 2വിന് മുന്നിൽ സകല റെക്കോർഡുകളും കടപുഴകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം