'മാര്‍ക്കോ'യില്‍ റിയാസ് ഖാന്‍ എവിടെ? നിര്‍മ്മാതാവ് പറയുന്നു
ഇന്നായിരുന്നു ചിത്രത്തിന്‍റെ റിലീസ്
മലയാളത്തിലെ സമീപകാല റിലീസുകളില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളില്‍ ഒന്നാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും വലയന്‍റ് ആയ ചിത്രം എന്ന ടാഗോടെ എത്തിയ ചിത്രം ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച കൈയടിയുമായി തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് നല്‍കിയ മറുപടി ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
സിനിമയുടെ ലൊക്കേഷന്‍ വീഡിയോകളില്‍ കണ്ട പല നടന്മാരും ചിത്രത്തില്‍ ഇല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍ അവരില്‍ പലരും പൂജ ചടങ്ങില്‍ അതിഥികളായി എത്തിയതാണെന്നായിരുന്നു നിര്‍മ്മാതാവിന്‍റെ മറുപടി. അതേസമയം റിയാസ് ഖാന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ചിത്രം ഒടിടി റിലീസിന് എത്തുമ്പോള്‍ അതില്‍ ഉണ്ടാവുമെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു. റിയാസ് ഖാന്‍ ഒടിടിയില്‍ ഉണ്ടാവും. അത്രയേ പറയാനുള്ളൂ. കുറച്ച് സീനുകള്‍ (സെന്‍സറിംഗില്‍) പോയിട്ടുണ്ട്. അത് ഒടിടിയില്‍ ഉണ്ടാവും. സെന്‍സര്‍ ബോര്‍ഡ് അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി ചെയ്ത് തന്നിട്ടുണ്ട്, ഷെരീഫ് മുഹമ്മദിന്‍റെ വാക്കുകള്‍.
ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
ALSO READ : ജോജുവും സുരാജും ഒന്നിക്കുന്നു; 'നാരായണീന്‍റെ മൂന്നാണ്മക്കൾ' സെക്കന്‍റ് ലുക്ക് പോസ്റ്റര്‍