എന്തുകൊണ്ട് 'ബിലാല്‍' അപ്ഡേറ്റ് വൈകുന്നു? മമ്മൂട്ടിയുടെ മറുപടി
കൊവിഡ് പശ്ചാത്തലമാണ് 'ബിലാലി'ന്‍റെ വരവ് നീട്ടിയത്
മലയാളത്തിലെ പല പ്രശസ്ത സംവിധായകരുടെയും ആദ്യ സിനിമയിലെ നായകന്‍ മമ്മൂട്ടി ആയിരുന്നു. ആ ലിസ്റ്റില്‍ പെട്ട സംവിധായകനാണ് അമല്‍ നീരദ്‍. മമ്മൂട്ടിയെ നായകനാക്കി 2007 ല്‍ ഒരുക്കിയ ബിഗ് ബിയിലൂടെയാണ് അമല്‍ സംവിധായകനായി രംഗപ്രവേശം ചെയ്തത്. റിലീസ് ചെയ്ത സമയത്ത് വമ്പന്‍ വിജയം ആയില്ലെങ്കിലും വേറിട്ട അവതരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രം. എന്നാല്‍ പില്‍ക്കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ കള്‍ട്ട് പദവി നേടുന്ന തരത്തിലേക്ക് ബിഗ് ബി വളര്‍ന്നു. പത്ത് വര്‍ഷത്തിനിപ്പുറം 2017 ല്‍ ബിഗ് ബിയിലെ മമ്മൂട്ടിയുടെ നായകന്‍റെ പുനരവതരണമായ ബിലാല്‍ അമല്‍ നീരദ് പ്രഖ്യാപിച്ചത് വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. എന്നാല്‍ ആറ് വര്‍ഷത്തിനിപ്പുറവും ബിലാലിനെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകള്‍ എത്തിയിട്ടില്ല. അമല്‍ നീരദിനോടും മമ്മൂട്ടിയോടും സാധ്യമായ എല്ലാ വേദികളിലും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഈ ചോദ്യം ചോദിക്കാറുണ്ട്. ബിലാല്‍ എപ്പോള്‍ എന്ന ചോദ്യം. മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിലും ഈ ചോദ്യം മമ്മൂട്ടിയെ തേടിയെത്തി.
നേരിട്ടായിരുന്നു മമ്മൂട്ടിയുടെ മറുപടി. "അപ്ഡേറ്റ് വരുമ്പോള്‍ വരും. ഇത് നമുക്ക് അങ്ങനെ വരുത്താന്‍ ഒക്കില്ലല്ലോ. വരുമ്പോള്‍ വരും എന്നല്ലാതെ.. ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണ്ടേ? അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. കമിംഗ് സൂണ്‍ ആണോ എന്ന് ഞാന്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മള്‍ പിടിച്ചുവലിച്ചാല്‍ വരില്ല ഇത്. അമല്‍ നീരദ് തന്നെ വിചാരിക്കണം", മമ്മൂട്ടി പറഞ്ഞു.
കൊവിഡ് പശ്ചാത്തലമാണ് ബിലാലിന്‍റെ വരവ് നീട്ടിയത്. വിദേശ ലൊക്കേഷനുകളും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളും വലിയ കാന്‍വാസുമൊക്കെയുള്ള ഈ ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീളുകയായിരുന്നു. പകരമാണ് ആ ഇടവേളയില്‍ ഭീഷ്‍മ പര്‍വ്വം എന്ന മമ്മൂട്ടി ചിത്രം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതും അമല്‍ അതുമായി മുന്നോട്ടുപോയതും. അതേസമയം കുഞ്ചാക്കോ ബോബനെ നായകനാക്കിയാണ് അമല്‍ നീരദിന്‍റെ പുതിയ ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം