ഓഡിയോ ലോഞ്ച് റദ്ദാക്കലിലെ യഥാര്‍ഥ കാരണം ഇത് തന്നെയോ? വിശദീകരണത്തില്‍ തൃപ്‍തരാവാതെ വിജയ് ആരാധകര്‍
കോളിവുഡിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം
സൂപ്പര്‍താര തമിഴ് ചിത്രങ്ങളുടെ റിലീസിന് മുന്‍പുള്ള ഏറ്റവും വലിയ ഇവെന്‍റ് ആണ് ഓഡിയോ ലഞ്ചുകള്‍, പ്രത്യേകിച്ചും വിജയ് ചിത്രങ്ങളുടെ. സമീപകാലത്ത് പൊന്നിയിന്‍ സെല്‍വന്‍, ജയിലര്‍ തുടങ്ങിയ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചുകളും പ്രേക്ഷകാവേശം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ജയിലറിന് ശേഷം തമിഴ് സിനിമയില്‍ നിന്നുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഇവെന്‍റ് ആവുമെന്ന് കരുതപ്പെട്ടിരുന്ന ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനം വിജയ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
കോളിവുഡിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണ് ലിയോ. യുവനിരയിലെ ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ മാസ്റ്ററിന് ശേഷം വിജയ് നായകനാവുന്നു എന്നതുതന്നെ ഏറ്റവും വലിയ പ്രത്യേകത. വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതും പ്രേക്ഷകാവേശം ഉയര്‍ത്തിയ ഘടകമാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന് കല്‍പ്പിക്കപ്പെടുന്ന വിപണിമൂല്യവും ഏറെ വലുതാണ്. നടനും നിര്‍മ്മാതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്‍റ് മൂവീസ് ലിയോയുടെ തമിഴ്നാട്ടിലെ വിതരണാവകാശത്തിന് ശ്രമിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഓഡിയോ ലോഞ്ച് റദ്ദാക്കിയതായി അറിയിച്ചുകൊണ്ടുള്ള നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ അറിയിപ്പില്‍ തീരുമാനം രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന വിശദീകരണം ഈ പ്രചരണത്തിനുള്ള മറുപടിയാണ്.
ഓഡിയോ ലോഞ്ച് പാസുകള്‍ക്കായുള്ള വന്‍ ഡിമാന്‍ഡില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പരിപാടി ഒഴിവാക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളുടെ വിശദീകരണം. എന്നാല്‍ ഇതുതന്നെയാണോ യഥാര്‍ഥ കാരണമെന്ന ചര്‍ച്ച എക്സില്‍ ഇപ്പോഴും സജീവമാണ്. സിനിമയുടെ പ്രൊമോഷന് ലഭിക്കുമായിരുന്ന ഒരു സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് വിജയ് ആരാധകര്‍ പറയുമ്പോള്‍ ഒഴിവാക്കപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് മറ്റൊരു വിഭാഗം വിശ്വസിക്കുന്നു.
ഒക്ടോബര്‍ 19 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക