'മാത്യുവിനെ മിസ് ചെയ്യുന്നു', ഓഡിയോ ലോഞ്ചില്‍ മാളവിക മോഹനൻ- വീഡിയോ
മാത്യു തോമസിനെ മിസ് ചെയ്യുന്നുവെന്ന് ഓഡിയോ ലോഞ്ചില്‍ മാളവിക.
മാത്യു തോമസ്, മാളവിക മോഹനൻ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന 'ക്രിസ്റ്റി' സിനിമയുടെ മെഗാ ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു. ലുലു മാളിൽ നടന്ന ചടങ്ങിൽ മാത്യു അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മാത്യു ഇല്ലാത്തത് ഒരു അപൂര്‍ണതയായി തോന്നുന്നുവെന്നാണ് ചിത്രത്തിലെ നായിക പറഞ്ഞത്. ചിത്രീകരണ തിരക്കിലായതിനാല്‍ പങ്കെടുക്കാനാകാതിരുന്ന മാത്യുവിനെ ഓഡിയോ ലോഞ്ചില്‍ മിസ് ചെയ്യുന്നുവെന്നാണ് മാളവിക പറഞ്ഞത്.
ഇന്ന് മാത്യുവിനെ മിസ് ചെയ്യുന്നുണ്ട്. ഇവിടെ മാത്യു ഇല്ലാത്തത് അപൂര്‍ണതയായി തോന്നുന്നു അല്ലേ. എനിക്ക് 'ക്രിസ്റ്റി' വളരെ സ്പെഷ്യല്‍ സിനിമ ആണ്. കുറെ വര്‍ഷം കഴിഞ്ഞാണ് മലയാളത്തില്‍ ഒരു പടം ചെയ്യുന്നത്. യഥാര്‍ഥത്തില്‍ എനിക്ക് അങ്ങനെ ഒരു പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല. മലയാളം തിരക്കഥകള്‍ ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. പക്ഷ അപ്രതീക്ഷിതമായി വന്ന ഒരു സിനിമയാണ് 'ക്രിസ്റ്റി'. ഇത് സ്‍പെഷ്യലാണ് എന്ന് പെട്ടെന്നുതന്നെ തനിക്ക് തോന്നി. 'ക്രിസ്റ്റി'യുടേത് സൂപ്പര്‍ ടീമായിരുന്നു എന്നും ഓഡിയോ ലോഞ്ചില്‍ സംസാരിക്കവേ മാളവിക മോഹനൻ പറഞ്ഞു.
ലുലു മാളിൽ നടന്ന ചടങ്ങിൽ നടി മാളവിക മോഹനും സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്തയും ചേർന്നാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്. നവാഗതനായ ആൽവിൻ ഹെൻട്രിയാണ് ചിത്രത്തിന്റെ സംവിധാനം. എഴുത്തുകാരായ ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ എന്നിവരുടേതാണ് തിരക്കഥ. ബെന്യാമിൻ ആദ്യമായാണ് സിനിമ തിരക്കഥാരംഗത്തേക്ക് എത്തുന്നത്. ഗോവിന്ദ് വസന്താണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 17 നാണ് സിനിമ തീയേറ്ററുകളിൽ എത്തുക. ഒരു കൗമാരക്കാരന് തന്നെ പഠിപ്പിക്കാനെത്തുന്ന ട്യൂഷൻ ടീച്ചറിനോട് തോന്നുന്ന പ്രണയവും അതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഓഡിയോ ലോഞ്ചിനൊപ്പം ഫിലിം പ്രൊഡക്ഷൻ കമ്പനിയായ റോക്കി മൗണ്ടൻ സിനിമാസിന്റെ ലോഞ്ചിങ്ങും വേദിയിൽ നടന്നു. സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയാണ് 'ക്രിസ്റ്റി'. നേരത്തേ പുറത്തിറങ്ങിയ 'ക്രിസ്റ്റി'യുടെ ട്രെയ്‍ലറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നടക്കം ലഭിച്ചത്.
ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. 'പട്ടം പോലെ', 'ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ - ആൽവിൻ ഹെൻറി. മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു. കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്.
Read More: 'ലവ് എഗെയ്ൻ', പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്