ആരോഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പ്; രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപന പിന്മാറ്റത്തിന്‍റെ കാരണം
'' ദൈവം എനിക്ക് നൽകിയ മുന്നറിയിപ്പായാണ് ഞാൻ ഇതിനെ കാണുന്നത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രം പ്രചരണം നടത്തിയാൽ വരുന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്താനോ വലിയ വിജയം നേടാനോ കഴിയില്ല...''
ചെന്നൈ: പുതുവർഷത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചതിന് പിന്നാലെ ആരോഗ്യനില മോശമായതോടെ തീരുമാനത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് നടൻ രജനികാന്ത്. ആരോഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് രജനികാന്ത് കരുതുന്നത്. തന്നെ വിശ്വസിച്ച് ഇറങ്ങുന്നവരെ ബലിയാടുകളാക്കാൻ ഉദ്ദേശമില്ലെന്നും പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച രജനികാന്ത് വ്യക്തമാക്കി.
ദൈവം എനിക്ക് നൽകിയ മുന്നറിയിപ്പായാണ് ഞാൻ ഇതിനെ കാണുന്നത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രം പ്രചരണം നടത്തിയാൽ വരുന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്താനോ വലിയ വിജയം നേടാനോ കഴിയില്ല. രാഷ്ട്രീയാനുഭവം ഉള്ള ആരും ഈ യാഥാർത്ഥ്യം തള്ളിക്കളയില്ല - എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ 'അണ്ണാത്തെ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കുമെന്നാണ് നേരത്തേ താരം തന്നെ വ്യക്തമാക്കിയത്. ജനുവരിയില്‍ സജീവ പ്രവര്‍ത്തനം തുടങ്ങുമെന്നും തമിഴ്നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
ആര്‍എസ്എസ് വഴി ബിജെപി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് താരം ഒടുവിൽ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമായെന്നടക്കം പറഞ്ഞ് രജനി മക്കൾ മണ്ഡ്രം അടക്കം ആരാധകസംഘടനകൾ വലിയ പ്രതീക്ഷയോടെയാണ് രാഷ്ട്രീയപ്രവേശം കാത്തിരുന്നത്.
ആത്മീയരാഷ്ട്രീയം എന്നതായിരുന്നു രജനിയുടെ ബ്രാൻഡ്. സുതാര്യതയിലൂന്നിയ രാഷ്ട്രീയം എന്നതാണ് ഇതിനർത്ഥമെന്ന് രജനീകാന്ത് പിന്നീട് വിശദീകരിക്കുകയും ചെയ്തു. ഹിന്ദുത്വരാഷ്ട്രീയവുമായി അടുത്ത ബന്ധം പുലർത്തുന്ന രജനീകാന്തിന്‍റെ രാഷ്ട്രീയപാർട്ടിക്ക് തമിഴ്നാട്ടിൽ എത്രത്തോളം ചലനമുണ്ടാക്കാനാകും എന്നതിൽ രാഷ്ട്രീയനിരീക്ഷകർ തന്നെ സംശയം പ്രകടിപ്പിച്ചതാണ്. ഓട്ടോറിക്ഷയാകും ചിഹ്നം, മക്കൾ സേവൈ കക്ഷിയെന്ന് പേരിട്ടേക്കുമെന്നെല്ലാം അഭ്യൂഹങ്ങൾ ഉയർന്ന, മാധ്യമങ്ങൾ വലിയ രീതിയിൽ കാത്തിരുന്ന രാഷ്ട്രീയപ്രഖ്യാപനമാണ് ആന്‍റിക്ലൈമാക്സിലെത്തിയത്.
തമിഴ്നാട്ടിൽ, ഡിഎംകെയുടെ വോട്ടുബാങ്ക് പിളർത്താൻ അടക്കം ഉദ്ദേശിച്ച് ബിജെപി കടുത്ത സമ്മർദ്ദമാണ് രാഷ്ട്രീയപ്രവേശനത്തിനായി രജനീകാന്തിന് മേൽ ചെലുത്തിയത്. എന്നാൽ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ്, തീരുമാനത്തിൽ നിന്ന് താരം പിൻമാറുമ്പോൾ, അത് ബിജെപിക്കും സംഘപരിവാറിനും തന്നെയാണ് തിരിച്ചടിയാകുന്നത്. താരത്തിന്‍റെ തന്നെ, അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയപ്രഖ്യാപനങ്ങളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടി.