മോൺസ്റ്ററിന്റെ ക്ഷീണം മാറ്റും, ഒരു വൻ പരിപാടി തന്നെ ആയിരിക്കും ലാലേട്ടനുമായുള്ള അടുത്ത പടമെന്ന് വൈശാഖ്
മോണ്‍സ്റ്ററില്‍ സംഭവിച്ച ക്ഷീണം തീര്‍ക്കാന്‍ വലിയ പരിപാടി തന്നെ മോഹന്‍ലാലുമായി ആലോചിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ വൈശാഖ് പറയുന്നത്.
കൊച്ചി: ടര്‍ബോ എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ വിജയ ലഹരിയിലാണ് സംവിധായകന്‍ വൈശാഖ്. മധുര രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുമായി ഒന്നിച്ച് ചെയ്ത ചിത്രം തീയറ്ററില്‍ വലിയ നേട്ടമാണ് നേടിയത്. ഈ അക്ഷന്‍ ചിത്രം ഇതിനകം ആഗോളതലത്തില്‍ 50 കോടി നേടിയെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. വൈശാഖിന്‍റെ ടര്‍ബോയ്ക്ക് മുന്‍പുള്ള ചിത്രം മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആയിരുന്നു. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു.
മോണ്‍സ്റ്ററില്‍ സംഭവിച്ച ക്ഷീണം തീര്‍ക്കാന്‍ വലിയ പരിപാടി തന്നെ മോഹന്‍ലാലുമായി ആലോചിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ വൈശാഖ് പറയുന്നത്. മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇത് പറയുന്നത്. അന്ന് മോണ്‍സ്റ്ററിന് പകരം ചെയ്യേണ്ടിയിരുന്നത് മറ്റൊരു വലിയ സിനിമയായിരുന്നു. അന്ന് അത് നടന്നില്ല. എന്നാല്‍ അത് സംഭവിക്കും അവര്‍ തന്നെയാണ് അത് നിര്‍മ്മിക്കുന്നത്. അതിന്‍റെ ഡേറ്റും കാര്യങ്ങളും ആളുകള്‍ എല്ലാം ഒന്നിച്ച് വന്നാല്‍ അത് സംഭവിക്കും.
വന്‍ പരിപാടിയാണ് അത്. മോണ്‍സ്റ്ററിന്‍റെ ക്ഷീണമൊക്കെ അന്ന് മാറ്റും. അത് വന്‍ പരിപാടി അടിക്കും എന്നാണ് വൈശാഖ് അഭിമുഖത്തില്‍ പറഞ്ഞത്. മോഹന്‍ലാലിന്‍റെ കരിയറിലെ വന്‍ ബോക്സോഫീസ് വിജയങ്ങളില്‍ ഒന്നായ പുലിമുരുകന്‍ ഒരുക്കിയ സംവിധായകനാണ് വൈശാഖ്. 2016 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ 150 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.
അതേ സമയം പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതായിരുന്നു ടർബോയുടെ പ്രധാന യുഎസ്‍പി. വമ്പൻ സ്ക്രീൻ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ചിത്രത്തിൽ കൈയടി നേടുന്ന ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' ഫണ്‍ ത്രില്ലര്‍ ചിത്രം - റിവ്യൂ
ട്രോളുകള്‍ക്കും മീമുകള്‍ക്കും അവസാനം നടന്‍ പ്രേംജി അമരന്‍ വിവാഹിതനാകുന്നു