'ആ ഇന്നിംഗ്സിന് സഹായിച്ചത് ഗ്രീന്‍ഫീല്‍ഡിലെ ആരവം'; മുംബൈക്കെതിരായ മത്സരത്തെക്കുറിച്ച് വിവേക് ഗോപന്‍
"മാർച്ച് 5 ഈ ദിനം എന്റേതാക്കി മാറ്റാൻ സഹായിച്ച ദൈവത്തിനും ആരാധകർക്കും നന്ദി"
തോറ്റെങ്കിലും കേരള സ്ട്രൈക്കേഴ്സിന്‍റെ വീറും വാശിയുമുള്ള പ്രകടനം നേരിട്ട് കാണാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് തിരുവനന്തപുരത്തുകാര്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മൂന്നാം മത്സരത്തില്‍ ബോളിവുഡ് താരങ്ങളുടെ ക്ലബ്ബ് ആയ മുംബൈ ഹീറോസുമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ചയായിരുന്നു കേരളത്തിന്‍റെ മത്സരം. രണ്ടാം ഇന്നിംഗ്സില്‍ 113 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 12 റണ്‍സ് ആയിരുന്നു. എന്നാല്‍ സിസിഎല്ലിലെ വിജയം കേരളത്തിന് ഇനിയും കിട്ടാക്കനിയായി തുടരുകയാണ്. വിജയം തീര്‍ത്തും അപ്രാപ്യമെന്ന് തോന്നിയ ഘട്ടത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചിയര്‍ത്തിയ പ്രധാന പ്ലെയര്‍ വിവേക് ഗോപന്‍ ആയിരുന്നു. 24 ബോളില്‍ 63 റണ്‍സ് ആണ് വിവേക് നേടിയത്. ഇപ്പോഴിതാ കാണികള്‍ക്കുള്‍പ്പെടെ നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
വിവേക് ഗോപന്‍ പറയുന്നു
മാർച്ച് 5 ഈ ദിനം എന്റേതാക്കി മാറ്റാൻ സഹായിച്ച ദൈവത്തിനും ആരാധകർക്കും നന്ദി... സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ മുംബൈ ഹീറോസിന് എതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഒരു ഘട്ടത്തിൽ തകർച്ചയിലേക്ക് പോകുകയായിരുന്ന ടീമിനെ മാന്യമായ സ്കോറിൽ എത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു.. ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത് 7 സിക്സറും 1 ഫോറും ഉൾപ്പെടെ 24 പന്തിൽ 63 നേടി സ്വപ്നതുല്യമായ പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് സാധിച്ചത് ഹോം ഗ്രൗണ്ട് ആയ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നിന്നും ഉയർന്ന നിലയ്ക്കാത്ത ആരവവും ഒപ്പം ടീം അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയും കൊണ്ടാണ്.. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ സൈജു ചേട്ടൻ നൽകിയ പിന്തുണ കരുത്തേകുന്നത് ആയിരുന്നു.. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ ടീം കേരള സ്ട്രൈക്കേഴ്സിന് ഒപ്പം ഇനിയും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.. നന്ദി
ALSO READ : 'ഇരട്ട' സംവിധായകന്‍ ബോളിവുഡിലേക്ക്; നിര്‍മ്മാണം ഷാരൂഖ് ഖാന്‍