വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ സപ്‍തമി, വീഡിയോ പുറത്ത്
'ദ വാക്സിൻ വാറി'ന്റെ ഹ്രസ്വ വീഡിയോ പുറത്ത്.
'കാന്താര' എന്ന ഹിറ്റ് കന്നഡ ചിത്രത്തിലെ നായികയാണ് സപ്‍തമി ഗൗഡ. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രം സപ്‍തമി ഗൗഡ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുള്ളതാണ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സപ്‍തമി ഗൗഡയുടെ രംഗമുള്ള ഹ്രസ്വ വീഡിയോ വിവേക് അഗ്നിഹോത്രി പുറത്തുവിട്ടിരിക്കുകയാണ്.
'ദ കശ്‍മിര്‍ ഫയല്‍സ്' എന്ന ചിത്രത്തിനു ശേഷം വിവേക് അഗ്നിഹോത്രി ഒരുക്കുന്ന 'ദ വാക്സിൻ വാറി'ലാണ് സപ്‍തമി ഗൗഡയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നത്. ഫൈനല്‍ മിക്സിംഗ് കഴിയാറായെന്നാണ് ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയിരിക്കുന്നത്. അവിശ്വസനീയമായ യഥാര്‍ഥ കഥയാണ് ചിത്രം പറയുക എന്ന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കിയിരുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം വിവിധ ഭാഷകളില്‍ എത്തും എന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയെ കുറിച്ചുമായിരിക്കും 'ദ വാക്സിൻ വാര്‍' എന്നാണ് റിപ്പോര്‍ട്ട്. അയാം ബുദ്ധ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.'ദ വാക്സിൻ വാര്‍' എന്ന ചിത്രത്തില്‍ അനുപം ഖേറും പ്രധാന വേഷത്തില്‍ എത്തുന്നു.
കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം ആയിരുന്നു 'ദ കശ്‍മിര്‍ ഫയല്‍സ്'. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്‍ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയും വര്‍ധിച്ചിരുന്നു. അനുപം ഖേര്‍ മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവരും അഭിനയിച്ച 'ദ കശ്‍മിര്‍ ഫയല്‍സ്' വൻ ഹിറ്റാകുകയും ചെയ്‍തു.
Read More: ആരാണ് ആ ഫോട്ടോയിലുള്ളത്, ഉത്തരം പറയാനാകാതെ മഞ്‍ജു, കുറുമ്പ് കാട്ടി മറുപടിയുമായി മമ്മൂട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക