ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്‍ക്കൊപ്പം വിശാലും?
സംവിധായകൻ ലോകേഷ് കനകരാജ് വിശാലുമായി കൂടിക്കാഴ്‍ച നടത്തി.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ചിത്രം കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കമല്‍ഹാസൻ നായകനായ ചിത്രം 'വിക്രം' തീര്‍ത്ത ആവേശത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയുമുള്ളതാണ് 'ദളപതി 67'. ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ഇപ്പോഴിതാ 'ദളപതി 67'ന്റെ മറ്റൊരു സാധ്യതയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
തമിഴകത്തിന്റെ മുൻനിര നായകനായ വിശാലും 'ദളപതി 67'ല്‍ ഭാഗമായേക്കുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 'മാര്‍ക്ക് ആന്റണി' എന്ന ചിത്രത്തിന്റെ സെറ്റില്‍ ലോകേഷ് കനകരാജ് വിശാലിനെ കാണാനെത്തിയതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോളിവുഡ് താരം സഞ്‍ജയ് ദത്ത് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ആക്ഷൻ കിംഗ് അര്‍ജുനും ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 'ദളപതി 67'ല്‍ എന്തായാലും വൻ താരനിര തന്നെ അണിനിരക്കുമെന്ന് തീര്‍ച്ച.
ഒരു ഗാംഗ്‍സ്റ്റര്‍ ഡ്രാമയായിരിക്കും വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുക.ഡിസംബറില്‍ 'ദളപതി 67'ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.'
കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹണം നിര്‍വഹിച്ച 'വിക്രം'. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.
Read More: 'ആര്‍ആര്‍ആറി'നു ശേഷം ജൂനിയര്‍ എൻടിആറിന്റെ വമ്പൻ സിനിമ, ആവേശത്തിലാക്കി അപ്‍ഡേറ്റ്