'വയലന്‍സ് അല്ല 'മാര്‍ക്കോ'യുടെ വിജയകാരണം'; ടൊവിനോ പറയുന്നു
ടൊവിനോ നായകനായ ഏറ്റവും പുതിയ ചിത്രം 'ഐഡന്‍റിറ്റി' ഇന്ന് തിയറ്ററുകളില്‍ എത്തി
മലയാളത്തില്‍ സമീപകാലത്തെ മികച്ച വിജയങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. സിനിമകളിലെ വയലന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറച്ചുകാലമായി പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ വയലന്‍സ് ഉള്ള സിനിമകളോട് ആളുകള്‍ക്ക് അഡിക്ഷന്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ തോമസ്. താന്‍ നായകനായ പുതിയ ചിത്രം ഐഡന്‍റിറ്റിയുടെ റിലീസിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
മാര്‍ക്കോയുടെ വിജയവുമായി ബന്ധപ്പെടുത്തിയാണ് ടൊവിനോയുടെ മുന്നിലേക്ക് ഈ ചോദ്യം എത്തിയത്. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ- "മാര്‍ക്കോ നല്ലയൊരു സിനിമയാണ്, ടെക്നിക്കലിയും അതിലെ പ്രകടനങ്ങള്‍ കൊണ്ടും. അതൊക്കെ കൊണ്ടാണ് അതിലെ വയലന്‍സ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലന്‍സ് ഉള്ളതുകൊണ്ട് മാത്രമല്ല ആ സിനിമയുടെ വിജയമെന്ന് എനിക്ക് തോന്നുന്നു. സിനിമ എന്ന നിലയ്ക്ക് നല്ലതായതുകൊണ്ടാണ് അത് വിജയിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതൊന്നും ശരിക്കും നടക്കുന്നത് അല്ലല്ലോ. ഒരു മേക്ക് ബിലീഫ് ആണ്. ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളിടത്താണ് ആ സിനിമ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും", ടൊവിനോ പറയുന്നു.
അതേസമയം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്‍റിറ്റി. 'ഫോറൻസിക്' എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് ഐഡന്‍റിറ്റിയിലൂടെ. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്