'സൂപ്പര്‍താരങ്ങളുടെ എണ്‍പതുകളിലെ ജീവിതം'? പുതിയ സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍
ഈ മാസം 13 നാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത് ഈ മാസം 13 ന് ആണ്. ഹൃദയത്തിന് ശേഷം പ്രണവിന്‍റെ അടുത്ത ചിത്രവും വിനീതിന്‍റെ സംവിധാനത്തിലാനത്തിലാവുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ മാസം ചിത്രം പ്രഖ്യാപിച്ചെങ്കിലും താരങ്ങളുടെയും താരങ്ങളുടെയും സംവിധായകന്‍റെയും നിര്‍മ്മാതാവിന്‍റെയും പേരുകളൊഴികെ മറ്റ് കാര്യങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ച് ചില ഊഹാപോഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. അതിലൊന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവരുടെ എണ്‍പതുകളിലെ ജീവിതമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം എന്നായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
ആ പ്രചരണം ശരിയല്ലെന്ന് പറയുന്നു വിനീത്. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രം കുറുക്കന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് വിനീത് ഇങ്ങനെ പറയുന്നു...
"ആ സിനിമയെക്കുറിച്ച് ഇപ്പോഴേ എന്തെങ്കിലും പറയാനാവില്ല. ഹൃദയത്തില്‍ തൊടുന്ന ഒരു സിനിമ ചെയ്യണമെന്ന് തന്നെയാണ് നമ്മുടെ ആഗ്രഹം. എല്ലാ തലമുറയ്ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമ. എന്‍റെ അച്ഛന്‍റെ പ്രായത്തിലുള്ള തലമുറ മുതല്‍ 2010 ല്‍ ജനിച്ച കുട്ടികള്‍ ഉണ്ടല്ലോ, ഇപ്പോഴത്തെ കൌമാരക്കാര്‍.. അവര്‍ക്കടക്കം എല്ലാവര്‍ക്കും തിരിച്ചരിയാനാവുന്ന ഒരു സിനിമ ഉണ്ടാക്കണമെന്നാണ് ആഗ്രഹം. അതിന് ഏറ്റവും നല്ല വഴി എന്ന് പറയുന്നത് വളരെ സിംപിള്‍ ആയിട്ടുള്ള, ഒരു സ്വീറ്റ് സിംപിള്‍ ഫിലിം എടുക്കുക എന്നതാണ്. എന്‍റെ അച്ഛന്‍റെ തലമുറയിലൊക്കെ വയലന്‍സ് ഇഷ്ടമില്ലാത്ത ഒരുപാട് ആള്‍ക്കാര്‍ ഉണ്ട്. അവര്‍ അത്തരം സിനിമകളിലേക്ക് പോവില്ല. അങ്ങനത്തെ ഒരു കാര്യങ്ങളും ഇല്ലാത്ത, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണത മാത്രം സംസാരിച്ച് പോകുന്ന ഒരു സിനിമ. ഓരോ അഭിനേതാക്കളോട് ഈ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴും അവര്‍ ഇത് ചെയ്യില്ലായിരിക്കുമെന്നാണ് ഞാന്‍ കരുതാറ്. സ്വന്തം കരിയര്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ ഈ സിനിമ എന്തിന് ചെയ്യണമെന്ന് അവര്‍ ചിന്തിച്ചേക്കുമെന്നൊക്കെ തോന്നും. അങ്ങനെ വിചാരിച്ചിട്ടാണ് ഓരോ ആള്‍ക്കാരെയും വിളിച്ചിട്ടുള്ളത്. പക്ഷേ വിളിച്ച എല്ലാവരും ഈ സിനിമയിലേക്ക് വരാന്‍ സമ്മതിച്ചു. അതൊരു ഭയങ്കര ഭാഗ്യമാണ്. ഈ സിനിമയിലേക്ക് ഇത്രയും ആളുകളെ സംഘടിപ്പിക്കാന്‍ പറ്റുമെന്ന് ഞാനും വിചാരിച്ചിട്ടില്ല", വിനീത് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക