'ആരും മനസില്‍ നിന്ന് പോകുന്നില്ല'; റോഷാക്ക് റിവ്യൂവുമായി വിനീത് ശ്രീനിവാസന്‍
ഈ വാരം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്ക് ചിത്രം
വ്യത്യസ്‍തമായ കഥാപശ്ചാത്തലവും ആഖ്യാന രീതിയും കൊണ്ട് ശ്രദ്ധ നേടുകയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. റോഷാക്ക് ശരിക്കും ക്ലാസ് ആണെന്ന് പറയുന്നു വിനീത്.
"റോഷാക്ക് ശരിക്കും ക്ലാസ് ആണ്. മുഴുവന്‍ അഭിനേതാക്കളെയും ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് ചിത്രം. ഓരോ വിഭാഗവും ഗംഭീരമായി പണിയെടുത്തിട്ടുണ്ട്. ലൂക്ക്, ദിലീപ്, ദിലീപിന്‍റെ അമ്മ, ശശാങ്കന്‍, അനില്‍, ദിലീപിന്‍റെ ഭാര്യ, ആര്‍ത്തിക്കാരനായ ആ പൊലീസ് കോണ്‍സ്റ്റബിള്‍.. ആരും മനസ്സില്‍ നിന്ന് പോകുന്നില്ല. നിസാം ബഷീറിനും ടീമിനും അഭിനന്ദനങ്ങള്‍", വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മികച്ച മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രം ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. ഈ വാരാന്ത്യത്തില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കും എത്തുകയാണ് ചിത്രം. ഇന്ത്യയ്ക്കൊപ്പം യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ 7 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. സൌദി അറേബ്യ, യുകെ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രം ഈ വാരം എത്തുക.
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സൈക്കോളജിക്കല്‍ റിവഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍.