'സിനിമയിലെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നു'; പ്രതികരണവുമായി വിനയന്‍
"കോടതിവിധി കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്"
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. സിനിമയിലെ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കുമെന്നും വിനയന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് വിനയന്‍റെ പ്രതികരണം.
"കോടതിവിധി കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. കാരണം ഇത് സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മിഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ആണ്. ആ റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ പാടില്ലെന്നും പറഞ്ഞു. അങ്ങനെയാണ് അത് ഇറക്കാന്‍ പോകുന്നതെന്നും നമ്മള്‍ അറിഞ്ഞു. എന്നിട്ടും ആരാണ് ഇത്ര ഭയക്കുന്നത് എന്ന ഒരു ഞെട്ടലാണ്. മലയാള സിനിമയില്‍ മോശമായ ചില പ്രവണതകളൊക്കെ ഉണ്ട്, അതൊക്കെ മാറ്റണം എന്ന പൊതുവായ ഒരു റിപ്പോര്‍ട്ട് ആണെങ്കില്‍ അത്തരം കാര്യങ്ങളൊന്നും വേണ്ട, ഇത് ഇങ്ങനെ തന്നെ അങ്ങ് പൊക്കോട്ടെ എന്ന് ആരാണ് ആഗ്രഹിക്കുന്നത് എന്നതാണ് പ്രശ്നം. ചിലരുടെ അപ്രമാദിത്യം മലയാള സിനിമയില്‍ നിലനില്‍ക്കട്ടെ എന്ന് സര്‍ക്കാരും കോടതിയും പോലും ചിന്തിക്കുന്നുവെങ്കില്‍ പിന്നെ സാധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു രക്ഷയും ഇല്ല. അതാണ് സത്യം", വിനയന്‍ പറയുന്നു.
"മലയാള സിനിമയുടെ ഒരു ഭാഗം ചിലരുടെ കൈയിലാണ് എന്ന ഒരു സാഹചര്യം ഉണ്ട്. ജസ്റ്റിസ് ഹേമ മൂന്ന് പ്രാവശ്യം എന്നെ വിളിപ്പിച്ചിരുന്നു. ഞാന്‍ നേരിട്ട വിലക്കിനെക്കുറിച്ച് ചോദിക്കാനായിരുന്നു അത്. ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുന്ന മലയാള സിനിമയിലെ പ്രവണത ആ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് എന്‍റെ വിചാരം. ഒരു കാര്യം വ്യക്തമാണ്. സിനിമയിലെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നു. അതിന് അവര്‍ എന്ത് പണിയും ചെയ്യും. അതിന് അവര്‍ സര്‍ക്കാരിനെയും കോടതിയെയുമൊക്കെ ഉപയോഗിക്കുന്നു", വിനയന്‍റെ വാക്കുകള്‍.
റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിനാല്‍ തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിലാണ് ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്.
ALSO READ : അര്‍ജുന്‍ അശോകനൊപ്പം മാത്യു തോമസും മഹിമ നമ്പ്യാരും; 'ബ്രോമാന്‍സ്' ആരംഭിച്ചു