തമ്മിൽ കടിപിടികൂടി വിനായകനും സുരാജും; 'തെക്ക് വടക്ക്' ആമുഖ വീഡിയോ പുറത്ത്
ഓഗസ്റ്റിൽ ചിത്രം തിയറ്ററുകളിൽ എത്തും.
വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ രണ്ടാമത്തെ ആമുഖ വീഡിയോ പുറത്തുവിട്ടു. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വീഡിയോകൾ. എഞ്ചിനീയർ മാധവനാകുന്ന വിനായകൻ്റെയും അരിമിൽ ഉടമ ശങ്കുണ്ണിയായി എത്തുന്ന സുരാജ് വെഞ്ഞാറമ്മൂടിൻ്റെയും മുഖചലനമാണ് പുതിയ ആമുഖ വീഡിയോയിൽ ഉള്ളത്.
ഓഗസ്റ്റിൽ ചിത്രം തിയറ്ററുകളിൽ എത്തും. അൻജന ഫിലിപ്പിൻ്റേയും വി. എ ശ്രീകുമാറിൻ്റെയും നേതൃത്വത്തിലുള്ള അൻജന- വാർസാണ് നിർമ്മാണം. പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ്. മെൽവിൻ ജി ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി നൂറോളം അഭിനേതാക്കൾ സിനിമയിലുണ്ട്.
ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. ഇരു പ്രതിഭകളുടേയും പ്രകടനം തമാശയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകത തെക്ക് വടക്ക് സിനിമയെ വ്യത്യസ്തമാക്കുന്നു. ഈ കോമ്പോയുടെ പ്രകടനം കാണാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.
ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്