Vikram Movie : റിലീസിനു മുന്‍പേ 100 കോടി ക്ലബ്ബില്‍! ഒടിടി റൈറ്റ്സില്‍ വന്‍ നേട്ടവുമായി 'വിക്രം'

ജൂണ്‍ 3ന് തിയറ്ററുകളില്‍

vikram movie 100 crore club before release ott rights kamal haasan lokesh kanagaraj

കമല്‍ ഹാസന്‍ (Kamal Haasan), ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള തമിഴ് ചിത്രമാണ് വിക്രം (Vikram Movie). ജൂണ്‍ മൂന്നിന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.  

വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. കമല്‍ ഹാസനൊപ്പം സിനിമ ചെയ്യാനായതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ലോകേഷ് കഴിഞ്ഞ ദിവസം ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. തന്റെ ജീവിതത്തിലെ 36 വര്‍ഷത്തെ തപസാണ് ഉലകനായകനോടൊപ്പമുള്ള സിനിമയെന്നാണ് കമല്‍ ഹാസനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ലോകേഷ് കുറിച്ചത്. ലോകേഷിന്റെ സംവിധാന മികവിനെ കമൽഹാസൻ അഭിനന്ദിക്കുകയും ചെയ്‍തിരുന്നു. നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‍ലര്‍, ഓഡിയോ ലോഞ്ച് മേയ് 15ന് ആണ് നടക്കുന്നത്. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍, പിആര്‍ഒ പ്രതീഷ് ശേഖർ.

Latest Videos
Follow Us:
Download App:
  • android
  • ios