എന്താണ് സംഭവിച്ചത്? വിജയ്‍യുടെ വിരമിക്കല്‍ ചിത്രത്തിന് തിരിച്ചടി, വമ്പൻമാരുടെ പിൻമാറ്റം ബാധിക്കുമോ?
വിജയ് നായകനാകുന്ന ദളപതി 69 സിനിമയ്‍ക്ക് തിരിച്ചടി.
ദളപതി വിജയ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങിയതിനാല്‍ സിനിമ തല്‍ക്കാലം നിര്‍ത്തുകയാണെന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ദളപതി 69 എന്ന വിശേഷണപ്പേരുള്ള സിനിമയോടെയായിരിക്കും ഇടവേളയെടുക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. ആരായിരിക്കും വിജയ്‍യുടെ ദളപതി 69 സംവിധാനം ചെയ്യുകയെന്നത് ചര്‍ച്ചയായിരുന്നു. നിലവില്‍ വിജയ്‍യുടെ ദളപതി 69നെ കുറിച്ച് നിരാശജനകമായ ഒരു റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്.
ദളപതി 69 ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലായിരിക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആര്‍ആര്‍ആര്‍ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിജയ്‍യെ നായകനാക്കുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. അവര്‍ പിൻമാറിയിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
സംവിധാനം കാര്‍ത്തിക് സുബ്ബരാജായിരിക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. വിജയ് നായകനാകുന്ന ദളപതി 69ന്റെ സംവിധായകനായി പരിഗണിക്കപ്പെടുന്ന പേരുകളില്‍ വെട്രിമാരനും ഉള്‍പ്പെട്ടുവെന്നും സിനിമ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിറ്റ്‍മേക്കര്‍ ത്രിവിക്രത്തെ വിജയ് ചിത്രത്തിന്റെ സംവിധായകനായി പരിഗണിക്കുന്നു എന്നും ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കി. ഒടുവില്‍ എച്ച് വിനോദായിരിക്കും ചിത്രത്തിന്റെ സംവിധായകൻ എന്നാണ് ഏകദേശം ഒരു ധാരണയായിരിക്കുന്നത്.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Read More: തളരാതെ ശെയ്‍ത്താന്റെ കുതിപ്പ്, ഇന്ത്യയിലെ കളക്ഷൻ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക