ലിയോയ്ക്ക് പാരവയ്ക്കാന്‍ ഡിഎംകെയും ഉദയനിധിയും ശ്രമിക്കുന്നുണ്ടോ? തമിഴകത്ത് ചര്‍ച്ച, വിവാദം
തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ ലിയോയ്ക്കെതിരെ നീങ്ങുന്നു എന്ന തരത്തിലുള്ള ആരോപണമാണ്. ലിയോ ഓഡിയോ റിലീസ് അടക്കം വേണ്ടെന്ന് വച്ചതിന് പിന്നിലെ ഇത് ശക്തമാകുകയാണ്.
ചെന്നൈ: തമിഴകത്ത് നിന്നും ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. കേരളത്തിൽ അടക്കം വൻ ഫാൻ ബേയ്സ് ഉള്ള വിജയിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'ലിയോ'. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ കൂടി വന്‍ ഹൈപ്പ് ലിയോ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ ഗംഭീരമായി പുരോഗമിക്കുന്നുണ്ടെങ്കില്‍ ചിത്രത്തിന്‍റെ ഓഡിയോ റിലീസ് വേണ്ടെന്ന് വച്ചത് വിജയ് ആരാധകര്‍ക്ക് അല്‍പ്പം ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാല്‍ ലിയോ ഓഡിയോ റിലീസ് ഒഴിവാക്കിയതിന് പിന്നാലെ തമിഴകത്ത് ലിയോ റിലീസ് സംബന്ധിച്ച് ഉയരുന്നത് വിവിധ ചര്‍ച്ചകളാണ്. അതിലൊന്ന് തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ ലിയോയ്ക്കെതിരെ നീങ്ങുന്നു എന്ന തരത്തിലുള്ള ആരോപണമാണ്. ലിയോ ഓഡിയോ റിലീസ് അടക്കം വേണ്ടെന്ന് വച്ചതിന് പിന്നിലെ ഇത് ശക്തമാകുകയാണ്. ഈ വിഷയം തമിഴകത്തെ യൂട്യൂബ് ചാനലുകളിലും മറ്റും ആദ്യം പ്രത്യക്ഷപ്പെട്ടത് ലിയോ സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ടാണ്.
ഇപ്പോള്‍ തമിഴകത്തെ ഒന്നാം നമ്പര്‍ സിനിമ വിതരണ കമ്പനി സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജെന്‍റ് മൂവിസാണ്. തമിഴകത്തെ പല സ്ക്രീനുകളിലും ഏത് ചിത്രം കളിക്കണം, കളിക്കേണ്ട എന്ന് തീരുമാനിക്കുന്നത് റെഡ് ജൈന്‍റാണ് എന്നത് കഴിഞ്ഞ കുറച്ചുകാലമായി തമിഴകത്തെ പരസ്യമായ രഹസ്യമാണ്. എന്നാല്‍ വിജയിയുടെ കഴിഞ്ഞ പടം വാരിസ് പോലെ തന്നെ റെഡ് ജൈന്‍റിന് വിതരണാവകാശം ഒന്നുമില്ലാത്ത പടമാണ് ലിയോ. അതിനാല്‍ തന്നെ റെഡ് ജെന്‍റ് പടത്തിന്‍റെ ചെന്നൈ നഗരത്തിലെ വിതരണാവകാശത്തിന് വേണ്ടി നീക്കങ്ങള്‍ നടത്തുന്നു എന്നാണ് ചില റൂമറുകള്‍ പരന്നത്.
ഇതിന്‍റെ ഭാഗമായി ഭരണകക്ഷിയായ ഡിഎംകെ പിന്തുണയുള്ള റെഡ് ജൈന്‍റില്‍ നിന്നും ചില പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന രീതിയില്‍ വിവരം ഉള്ളതിനാല്‍ ഓഡിയോ ലോഞ്ച് ജിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്ക്രീന്‍ ഒഴിവാക്കിയത് എന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്. ഇതില്‍ റെഡ് ജൈന്‍റിനെയും ഭരണകക്ഷിയെയും നേരിട്ട് കുറ്റപ്പെടുത്തി പത്ര പ്രവര്‍ത്തകനും ഭരണകക്ഷിയുടെ വിമര്‍ശകനുമായ സൌക്ക് ശങ്കര്‍ അടക്കം രംഗത്ത് എത്തി.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം ഏതാണ്ട് ഉറപ്പാണ്. അതാണ് ഭരണകക്ഷിയായ ഡിഎംകെയും, ഡിഎംകെ അടുത്ത മേധാവിയായി വളര്‍ത്തികൊണ്ടുവരുന്ന ഉദയനിധിയും ഭയക്കുന്നത് എന്നാണ് സൌക്ക് ശങ്കര്‍ ആരോപിക്കുന്നത്. അതിനൊപ്പം തന്നെ നാം തമിഴര്‍ കക്ഷി നേതാവ് സീമാനും ഇത്തരം ആരോപണം ഏറ്റുപിടിച്ചിട്ടുണ്ട്. നേരത്തെ തന്നെ വിജയ് രാഷ്ട്രീയ പ്രവേശനത്തെ പൂര്‍ണ്ണമായും പിന്തുണച്ച തമിഴകത്തെ നേതാവാണ് സീമാന്‍. ഈ വിഷയമാണ് തമിഴകത്ത് ചര്‍ച്ചയാകുന്നത്.
എന്നാല്‍ ചില ട്രേഡ് അനലിസ്റ്റുകളും സിനിമ നിരൂപകരും ഇത്തരം ആരോപണങ്ങളെ തള്ളികളയുന്നുണ്ട്. ലിയോ നിര്‍മ്മാതാക്കളും, റെഡ് ജൈന്‍റും തമ്മില്‍ എന്തെങ്കിലും പ്രശ്നം നിലനില്‍ക്കുന്നില്ലെന്നും, ബാക്കിയെല്ലാം ചില രാഷ്ട്രീയ അഭ്യൂഹങ്ങള്‍ വച്ചുള്ള കഥയാണ് എന്നുമാണ് ചിലര്‍ പറയുന്നത്. നിര്‍മ്മാതാവും തമിഴ് സിനിമ നിരീക്ഷകനുമായ ജി ധനഞ്ജയ് പറയുന്നത് അനുസരിച്ച് റെഡ് ജൈന്‍റും, ലിയോ നിര്‍മ്മാതാവ് ലളിതും രണ്ട് വ്യത്യസ്തമായ ബിസിനസ് രീതികള്‍ പയറ്റുന്നവരാണ് അതിനാല്‍ അവര്‍ക്കിടയില്‍ പ്രശ്നമൊന്നും ഇല്ലെന്നാണ് പറയുന്നത്.
അതായത് ലിയോ നിര്‍മ്മാതാവ് ലളിത് ആദ്യം മുതല്‍ തന്നെ തനിക്ക് നഷ്ടം വരാത്ത രീതിയില്‍ മിനിമം ഗ്യാരണ്ടി പണത്തിന് ചിത്രം വിറ്റിട്ടുണ്ട്. അതായത് കൃത്യമായി തിരിച്ചുകൊടുക്കേണ്ടാത്ത തുകയ്ക്കാണ് ചിത്രത്തിന്‍റെ വിതരണാവകാശം വിറ്റത്. തമിഴ്നാട്ടിലെ ചെന്നൈ ഒഴികെയുള്ള വിതരണാവാകാശം മാത്രം 100 കോടിക്ക് മുകളിലുള്ള മിനിമം ഗ്യാരണ്ടി തുകയ്ക്കാണ് ഇതിനകം വിറ്റത്. ഇത് തമിഴ് സിനിമ ലോകത്ത് റെക്കോഡാണ്. എന്നാല്‍ ചെന്നൈ മേഖല ഇതുവരെ വിറ്റില്ലെന്ന് പറയുന്നു. അതും വില്‍ക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.
അതേ സമയം റെഡ് ജെന്‍റ് ഒരിക്കലും മിനിമം ഗ്യാരണ്ടി പണത്തിന് ചിത്രം വാങ്ങുന്നവര്‍ അല്ല. അവര്‍ ചിത്രം വിതരണത്തിന് എടുക്കും നന്നായി ഓടിക്കും ലാഭം നിര്‍മ്മാതാവിന് നല്‍കും. അതിനാല്‍ തന്നെ ഒരിക്കല്‍ പോലും ലിയോ നിര്‍മ്മാതാക്കളും റെഡ് ജൈന്‍റും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അതിനാല്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലെന്നുമാണ് മറ്റൊരു റിപ്പോര്‍ട്ട്. സിനി ജേര്‍ണലിസ്റ്റ് ബിസ്മി അടക്കമുള്ളവരും ഇത് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഡിഎംകെ വിജയ് ഫാന്‍സിനിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നാണ് തമിഴകത്തെ സംസാരം. എന്തായാലും ഒക്ടോബര്‍ 19 ലിയോ റിലീസിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമ ലോകം.
വിശാലിന്‍റെ കൈക്കൂലി ആരോപണത്തില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍; അന്വേഷണം പ്രഖ്യാപിച്ചു
'ഹണ്‍ട്രഡ് പേര്‍സെന്‍റ്ജ് പ്രഫഷണല്‍' : മകളുടെ വിയോഗ വേദന ഉള്ളിലൊതുക്കി 'രത്തത്തിനായി' വിജയ് ആന്‍റണി