വിജയ് ദേവെരകൊണ്ടയുടെ 'ലൈഗര്‍' ഏഷ്യാനെറ്റില്‍, ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു
വിജയ് ദേവെരകൊണ്ടയുടെ 'ലൈഗര്‍' വേള്‍ഡ് ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു.
വിജയ് ദേവെരകൊണ്ട നായകനായി എത്തിയ ചിത്രമാണ് 'ലൈഗര്‍'. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണം ചിത്രത്തിന് സ്വന്തമാക്കാനായില്ല. ആഘോഷമായി പാൻ ഇന്ത്യൻ ചിത്രമായെത്തിയ 'ലൈഗറി' ന്റെ ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് മൂവീസിലാണ് വിജയ് ദേവെരകൊണ്ട ചിത്രത്തിന്റെ മലയാളം പതിപ്പ് സംപ്രേഷണം ചെയ്യുക. ചിത്രം മാര്‍ച്ച് 25ന് പ്രദര്‍ശിപ്പിക്കും. വിഷ്‍ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായിക.
യാഷ് രാജ് ഫിലിംസായിരുന്നു ചിത്രത്തിന്റെ വിതരണം. 100 കോടിയലിധകം ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ പ്രതീക്ഷകള്‍ നിറവേറ്റാനാകാതെ പോയ ചിത്രത്തിന് ചിലവാക്കിയ പണം പോലും നേടാനായില്ല. യുഎസില്‍ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട 'ലൈഗറില്‍' അഭിനയിച്ചത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയാണ് പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകൻ പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ അതിഥി താരമായും എത്തി. രമ്യാ കൃഷ്‍ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്‍പാണ്ഡേ, ചങ്കി പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി.
വിജയ് ദേവരകൊണ്ടയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രം 'ഖുഷി'യാണ്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം . വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് 'ഖുഷി'. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായുണ്ട്.
Read More: ബ്രഹ്‍മപുരത്തിന്റെ പശ്ചാത്തലത്തില്‍ 'ഇതുവരെ, കലാഭവൻ ഷാജോണിന്റെ ഫസ്റ്റ് ലുക്ക്