കുട്ടനാടിന്‍റെ കായല്‍ സൗന്ദര്യം ആസ്വദിച്ച് വിജയ് ദേവരകൊണ്ടയും സാമന്തയും; തെലുങ്ക് ചിത്രം ആലപ്പുഴയില്‍

ചിത്രത്തില്‍ ജയറാമും അഭിനയിക്കുന്നുണ്ട്

vijay devarakonda and samantha shoot for telugu movie khushi in alleppey nsn

മറുഭാഷാ സിനിമാപ്രവര്‍ത്തകരുടെയും പ്രിയ ലൊക്കേഷനുകളിലൊന്നാണ് കാലങ്ങളായി ആലപ്പുഴ. കായലും കെട്ടുവള്ളവും പശ്ചാത്തലത്തിലുള്ള ഹരിതാഭയുമൊക്കെ ചേര്‍ന്ന് ഫ്രെയിമിന് സ്വാഭാവികമായി ലഭിക്കുന്ന സൗന്ദര്യമാണ് ഇതിന് കാരണം. ബഹുരാഷ്ട്ര ബ്രാന്‍ഡുകളുടേതടക്കം പരസ്യചിത്രങ്ങളുടെയും ലൊക്കേഷനായിട്ടുണ്ട് ആലപ്പുഴ. ഇപ്പോഴിതാ ആലപ്പുഴയില്‍ പുതുതായി ചിത്രീകരിക്കുന്നത് ഒരു തെലുങ്ക് ചിത്രമാണ്.

ശിവ നിര്‍വാണ രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിജയ് ദേവരകൊണ്ട നായകനാവുന്ന ഖുഷി എന്ന ചിത്രത്തിന്‍റെ ലൊക്കേഷനുകളിലൊന്ന് ആലപ്പുഴയാണ്. സാമന്തയാണ് ചിത്രത്തിലെ നായിക. ജയറാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടക്ക് ജഗദീഷ് അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശിവ നിര്‍വാണ. ഒരു ബോട്ടില്‍ കായല്‍ സവാരി നടത്തുന്ന തന്‍റെ വീഡിയോ വിജയ് ദേവരകൊണ്ട ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള സാമന്തയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്. കശ്മീര്‍ ആയിരുന്നു ഈ സിനിമയുടെ ആദ്യ ലൊക്കേഷന്‍.

 

തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സച്ചിന്‍ ഖേഡേക്കര്‍, മുരളി ശര്‍മ്മ, വെണ്ണെല കിഷോര്‍, ലക്ഷ്മി, രോഹിണി, അലി, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ പ്രദീപ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ജി ആണ് ഛായാഗ്രഹണം. പ്രവീണ്‍ പുഡി എഡിറ്റിംഗ്. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി സെപ്റ്റംബര്‍ 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും. വേഫെയറര്‍ ആയിരിക്കും ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം.

ALSO READ : ജീവിതത്തിലേക്ക് പുതിയ അതിഥി; സന്തോഷം പങ്കുവച്ച് ഷംന കാസിം: വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios