വളര്‍ത്തച്ഛന്‍റെ മരണത്തെ തുടര്‍ന്ന് ബിസിനസ് സാമ്രാജ്യത്തിന് ഉടമയാവുന്ന നായകന്‍; 'വിജയ് രാജേന്ദ്രനാ'വാന്‍ വിജയ്
നിരവധി ഫാന്‍സ് ഷോകളോടെയാണ് ചിത്രം കേരളത്തില്‍ ജനുവരി 12 ന് പ്രദര്‍ശനം ആരംഭിക്കുന്നത്
വിജയ് ആരാധകര്‍ മാത്രമല്ല, കോളിവുഡ് വ്യവസായം തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാവുന്ന വാരിസ്. തമിഴ് ബോക്സ് ഓഫീസില്‍ ഇക്കുറി താരപ്പൊങ്കല്‍ ആണ് എന്നതാണ് പ്രധാന കാരണം. വാരിസിനൊപ്പം അജിത്ത് കുമാര്‍ ചിത്രം തുനിവും പൊങ്കലിനാണ് തിയറ്ററുകളില്‍ എത്തുക. അതേസമയം വിജയ് ചിത്രം വാരിസിന്‍റെ ഇന്ന് വൈകിട്ട് പുറത്തെത്തിയ ട്രെയ്ലറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് 75 ലക്ഷത്തിലധികം കാഴ്ചകളാണ് ട്രെയ്ലറിന് ലഭിച്ചിരിക്കുന്നത്. ഒപ്പം ഒരു ലക്ഷത്തോളം കമന്‍റുകളും.
അതേസമയം വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തെത്തിയിട്ടുണ്ട്. വിജയ് രാജേന്ദ്രന്‍ എന്നാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുകയാണ് വിജയ് രാജേന്ദ്രൻ. ശരത് കുമാറാണ് വിജയ്‍യുടെ അച്ഛനായി എത്തുന്നത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിരവധി ഫാന്‍സ് ഷോകളോടെയാണ് ചിത്രം കേരളത്തില്‍ ജനുവരി 12 ന് പ്രദര്‍ശനം ആരംഭിക്കുന്നത്. ലേഡീസ് ഫാൻസ് ഷോകള്‍ ഉള്‍പ്പെടെ നൂറിലധികം പ്രത്യേക പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് കേരളത്തില്‍ ഉണ്ടാവും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. തമിഴിലും തെലുങ്കിലും ഒരേസമയമാണ് ചിത്രം എത്തുക. വാർത്താ പ്രചരണം പി ശിവപ്രസാദ്.