തിയറ്ററില്‍ കണ്ടതല്ല ഒടിടിയിലെ 'വിടുതലൈ'; 16 മിനിറ്റ് അധികമുള്ള ഡയറക്ടേഴ്സ് കട്ട്
പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ല്‍ ഇന്നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്
ഈ വര്‍ഷം തമിഴ് സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ പാര്‍ട്ട് 1. തുണൈവന്‍ എന്ന പേരില്‍ ജയമോഹന്‍ എഴുതിയ ചെറുകഥയെ ആസ്പദമാക്കി വെട്രിമാരനും ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന പിരീഡ് ക്രൈം ത്രില്ലറിന്‍റെ ആദ്യ ഭാഗമാണ് മാര്‍ച്ച് 31 ന് തിയറ്ററുകളില്‍ എത്തിയത്. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.
പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ല്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രം പക്ഷേ തിയറ്ററില്‍ റിലീസ് ചെയ്യപ്പെട്ട പതിപ്പ് അല്ല. മറിച്ച് കൂടുതല്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡയറക്ടേഴ്സ് കട്ട് ആണ്. തിയറ്റര്‍ പതിപ്പിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 16 മിനിറ്റ് ആയിരുന്നുവെങ്കില്‍ ഒടിടിയില്‍ എത്തിയിരിക്കുന്ന ഡയറക്ടേഴ്സ് കട്ടിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 32 മിനിറ്റ് ആണ്. അതായത് തിയറ്റര്‍ റിലീസ് ചെയ്ത പതിപ്പിനേക്കാള്‍ 16 മിനിറ്റ് അധികം. അതിനാല്‍ത്തന്നെ ചിത്രം തിയറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടവര്‍ക്കും കാണാവുന്ന പതിപ്പാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. സൂരി നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മാണം. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം.
ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ, എഡിറ്റിംഗ് ആര്‍ രാമര്‍, സംഘട്ടനം പീറ്റര്‍ ഹെയ്‍ന്‍, സ്റ്റണ്ട് സിവ, വരികള്‍ സുക, യുഗ ഭാരതി.
ALSO READ : ലളിതം, സുന്ദരം; 'പാച്ചുവും അത്ഭുതവിളക്കും' റിവ്യൂ