'ഉടയാനുള്ളതൊക്കെ ഉടഞ്ഞുതന്നെ പോകട്ടെ'; 'അമ്മ'യിലെ കൂട്ടരാജിയില്‍ പ്രതികരണവുമായി വിധു വിന്‍സെന്‍റ്
17 അംഗ കമ്മിറ്റിയാണ് രാജി വച്ചത്
താര സംഘടനയായ അമ്മയിലെ കൂട്ടരാജിയില്‍ പ്രതികരണവുമായി സംവിധായിക വിധു വിന്‍സെന്‍റ്. ഡബ്ല്യുസിസിക്ക് അഭിവാദ്യം നേര്‍ന്നുകൊണ്ടാണ് വിധു വിന്‍സെന്‍റിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. "ഉടയാനുള്ളതൊക്കെ ഉടഞ്ഞുതന്നെ പോകട്ടെ. സിനിമയിൽ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങൾ. രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്. ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങള്‍", വിധു വിന്‍സെന്‍റ് കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് അമ്മ ഭാരവാഹികള്‍ക്കെതിരെ തന്നെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങളാണ് സംഘടനയിലെ കൂട്ടരാജിയിലേക്ക് നയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകുന്നുവെന്ന വിമര്‍ശനത്തിനിടെ ഏതാനും ദിവസം മുന്‍പ് ജനറല്‍ സെക്രട്ടറി ആയിരുന്നു സിദ്ദിഖിന്‍റെ അധ്യക്ഷതയില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ നടി രേവതി സമ്പത്ത് ഉയര്‍ത്തിയ ലൈംഗികാക്രമണ ആരോപണം വലിയ ചര്‍ച്ചയായതോടെ സിദ്ദിഖ് സ്ഥാനത്തുനിന്ന് രാജി വെക്കുകയായിരുന്നു.
പിന്നാലെ പത്തിലേറെ പുരുഷ താരങ്ങള്‍ക്കെതിരെയാണ് സമാന പരാതികള്‍ ഉയര്‍ന്നത്. ഇതോടെ താരസംഘടന പ്രതിസന്ധിയില്‍ ആവുകയായിരുന്നു. സാമൂഹികമായ വലിയ വിമര്‍ശനം നേരിടുമ്പോള്‍ ഒരു ഔദ്യോഗിക പ്രതികരണത്തിന് സംഘടനാ ഭാരവാഹികള്‍ തയ്യാറാവാത്തത് വിമര്‍ശിക്കപ്പെടുമ്പോഴാണ് ഭരണ സമിതി അപ്പാടെ രാജി വച്ച് ഒഴിയുകയാണെന്ന പ്രഖ്യാപനം വന്നത്. 17 അംഗ കമ്മിറ്റിയാണ് രാജിവെച്ചത്.
ഭരണസമിതി അംഗങ്ങളുടെ ഓണ്‍ലൈൻ യോഗത്തിലാണ് മോഹന്‍ലാല്‍ ആദ്യം തന്‍റെ രാജിക്കാര്യം അറിയിച്ചത്. ഇത്തരം ഒരു തീരുമാനം എടുക്കുംമുന്‍പ് മമ്മൂട്ടിയോട് സംസാരിച്ചിരുന്നുവെന്നും തീരുമാനത്തെ അദ്ദേഹവും പിന്തുണച്ചുവെന്നും അംഗങ്ങളോട് മോഹന്‍ലാല്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രമുഖ അംഗങ്ങള്‍ തന്നെ ആരോപണവിധേയരാകുമ്പോള്‍ സംഘടന എടുക്കേണ്ട നിലപാടിനെച്ചൊല്ലി അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത ഉണ്ടായിരുന്നു. രണ്ട് മാസത്തിന് ശേഷമാവും പുതിയ ഭരണസമിതി നിലവില്‍ വരിക.