മലയാളം പറയാന്‍ ബാലയ്യ; 'വീര സിംഹ റെഡ്ഡി' ഒടിടി റിലീസ് പ്രഖ്യാപിച്ചു
ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം
തെലുങ്ക് സിനിമയില്‍ തന്‍റേതായ ആരാധകവൃന്ദമുള്ള താരമാണ് നന്ദമുറി ബാലകൃഷ്ണ. ആദ്യകാലത്ത് ആന്ധ്ര- തെലങ്കാനയ്ക്ക് പുറത്ത് ഒരു ട്രോള്‍ മെറ്റീരിയല്‍ മാത്രമായിരുന്നു ബാലയ്യ ചിത്രങ്ങളെങ്കില്‍ ഇപ്പോള്‍ അതിന് മാറ്റമുണ്ട്. ലാര്‍ജര്‍ ദാന്‍ ലൈഫ് ഇമേജിലുള്ള നായക കഥാപാത്രമുള്ള ആക്ഷന്‍ ഡ്രാമ ചിത്രങ്ങള്‍ക്ക് മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും തിയറ്റര്‍ റിലീസും പ്രേക്ഷകരുമുണ്ട്. ഇപ്പോഴിതാ ബാലയ്യയുടെ ഏറ്റവും പുതിയ ചിത്രം വീര സിംഹ റെഡ്ഡിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബാലയ്യയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് വീര സിംഹ റെഡ്ഡി. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 12 ന് ആയിരുന്നു. മികച്ച ഇനിഷ്യല്‍ നേടിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്നു തന്നെ 100 കോടിക്ക് മുകളില്‍ നേടി. അഖണ്ഡയ്ക്കു ശേഷം 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ബാലയ്യ ചിത്രം കൂടിയാണ് ഇത്. തിയറ്ററുകളില്‍ വിജയിച്ച ചിത്രം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വൈകിട്ട് 6 മണിക്കാണ് പ്രദര്‍ശനം തുടങ്ങുക. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും.
തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. സംവിധായകന്‍റേത് തന്നെയാണ് രചന.