'എന്താണ് ടിനി നിങ്ങള്‍ ടീസര്‍ ചോയ്‍ച്ചോ'? 'വെടിക്കെട്ടി'ന്‍റെ ടീസര്‍ പുറത്തിറക്കുക ബാല, പൃഥ്വിരാജ്...
ഇന്ന് വൈകിട്ട് 6.30 ന് ടീസര്‍ പുറത്തെത്തും
ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരിക്കെ ടിനി ടോം നടന്‍ ബാലയെ അനുകരിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ബാല സംവിധാനം ചെയ്‍ത ദ് ഹിറ്റ്ലിസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി തന്നെ വിളിച്ചെന്നും നിര്‍മ്മാതാവിനോട് താന്‍ ആദ്യം ചോദിച്ച പ്രതിഫലം കുറയ്ക്കാന്‍ ബാല ആവശ്യപ്പെട്ടെന്നുമായിരുന്നു ടിനി പറഞ്ഞത്. താനും പൃഥ്വിരാജും ഉണ്ണി മുകുന്ദനും അനൂപ് മേനോനും അടങ്ങുന്ന ഫ്രണ്ട്സ് സെറ്റപ്പില്‍ ഒരുങ്ങുന്ന പടമാണ് ഇതെന്നും പ്രതിഫലം കുറയ്ക്കണമെന്നും ബാല ആവശ്യപ്പെട്ടെന്ന് പൊടിപ്പും തൊങ്ങലും വച്ച് അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ ടിനി പറഞ്ഞതാണ് ആസ്വാദകര്‍ ഏറ്റെടുത്തത്. ഈ ഡയലോഗ് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഒരു മീം പോലെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉപയോഗത്തിലുണ്ട്. ഇപ്പോഴിതാ ഈ സംഭാഷണം തങ്ങളുടെ സിനിമയുടെ പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുകയാണ് വെടിക്കെട്ട് സിനിമയുടെ അണിയറക്കാര്‍.
വിഷ്‍ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കുക ബാല, പൃഥ്വിരാജ്, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ്. എന്താണ് ടിനി നിങ്ങള്‍ വെടിക്കെട്ടിന്‍റെ ടീസര്‍ ചോയ്ച്ചോ, എന്നാണ് ഇത് സംബന്ധിച്ച പോസ്റ്ററില്‍ ഉള്ളത്. അക്കാരണത്താല്‍ തന്നെ പോസ്റ്ററും വൈറല്‍ ആയിട്ടുണ്ട്. ഇന്ന് വൈകിട്ട് 6.30 ന് ടീസര്‍ പുറത്തെത്തും.
ALSO READ : സ്ക്രീനില്‍ വിലസുന്ന ശ്രീനാഥ് ഭാസി; 'ചട്ടമ്പി' റിവ്യൂ
അതേസമയം ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷം കഴിഞ്ഞ മാസമാണ് ചിത്രം പാക്കപ്പ് ആയത്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുന്നൂറോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോണ്‍കുട്ടിയാണ്. കലാസംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്.