എങ്ങനെയുണ്ട് റീ മാസ്റ്റേര്‍ഡ് 'മാധവനുണ്ണി'? വല്യേട്ടന്‍ റീ റിലീസ് തിയറ്ററുകളില്‍ ആഘോഷമാക്കി ആരാധകര്‍
മാറ്റിനി നൗ ആണ് ചിത്രത്തിന്‍റെ റീ മാസ്റ്ററിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്
മമ്മൂട്ടിയുടെ ജനപ്രിയ വിജയ ചിത്രങ്ങളില്‍ ഒന്നായ വല്യേട്ടന്‍റെ റീമാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2000 സെപ്റ്റംബര്‍ 10 നായിരുന്നു ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ്. ഓണം റിലീസ് ആയിരുന്നു ചിത്രം. രഞ്ജിത്തിന്‍റേതായിരുന്നു തിരക്കഥ. മോഹന്‍ലാലിന്‍റെ വിജയ ചിത്രം നരസിംഹത്തിന് ശേഷം ഷാജി കൈലാസിന്‍റേതായി തിയറ്ററുകളിലെത്തുന്ന ചിത്രമായിരുന്നു വല്യേട്ടന്‍. 24-ാം വര്‍ഷം പുതിയ ദൃശ്യ, ശ്രാവ്യ മികവോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ ഷോകള്‍ക്ക് മികച്ച ഒക്കുപ്പന്‍സിയാണ് ലഭിച്ചത്. പ്രേക്ഷകാവേശം വെളിവാക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
4കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവിലേക്ക് അപ്ഗ്രേഡ് ചെയ്തെത്തിയ ചിത്രം മികച്ച തിയറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നതെന്നാണ് ആദ്യമെത്തുന്ന പ്രേക്ഷക പ്രതികരണങ്ങള്‍. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആരാധക സംഘങ്ങളില്‍ പലതും റീ റിലീസിന്‍റെ ആദ്യ ഷോ കാണാന്‍ തിയറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ മാത്രം 120 സ്ക്രീനുകളിലാണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്. ബഹ്റിന്‍, ഖത്തര്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലും ഇന്ന് ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.
സമീപകാലത്ത് റീ റിലീസ് ചെയ്യപ്പെട്ട മണിച്ചിത്രത്താഴിന്‍റേതടക്കം റീ മാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് ചിത്രത്തിന്‍റെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് 24 വർഷങ്ങൾക്ക് ശേഷം ചിത്രം റീ-റിലീസിനായി ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. നിരവധി ഭാഷകളിലെ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ ഇന്നും ആസ്വാദകര്‍ക്ക് സുപരിചിതമാണ്.