Valimai Trimmed : ദൈര്‍ഘ്യം കൂടിപ്പോയെന്ന് പരാതി; വലിമൈയുടെ 18 മിനിറ്റ് നീക്കി

പ്രേക്ഷകരില്‍ പലരും ദൈര്‍ഘ്യം ഒരു പ്രശ്‍നമായി ചൂണ്ടിക്കാട്ടിയിരുന്നു

valimai trimmed 15 minutes ajith kumar h vinoth boney kapoor

കോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് 24ന് തിയറ്ററുകളില്‍ എത്തിയ വലിമൈ (Valimai). അജിത്ത് കുമാറിനെ (Ajith Kumar) നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂര്‍ നിര്‍മ്മിച്ച ചിത്രത്തിന് മികച്ച ഓപണിംഗ് ആണ് ലഭിച്ചത്. എന്നാല്‍ ചിത്രം കണ്ട പ്രേക്ഷകരില്‍ പലരും ഒരു പരാതി ഉന്നയിച്ചിരുന്നു. ചിത്രത്തിന്‍റെ ദൈര്‍ഘ്യം അല്‍പ്പം കൂടുതലാണ് എന്നതായിരുന്നു അത്. 179 മിനിറ്റ് ആയിരുന്നു ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഒരേ അഭിപ്രായം വിവിധ കോണുകളില്‍ നിന്ന് കേട്ടതോടെ ചിത്രത്തിന്‍റെ ദൈര്‍ഘ്യം അല്‍പ്പം കുറച്ചിരിക്കുകയാണ് (Trimming) അണിയറക്കാര്‍.

സമീപകാലത്ത് പുഷ്പ ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ നേടുന്ന വലിയ സാമ്പത്തിക വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലുമായാണ് ചിത്രം വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തിയത്. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസുമാണ് ചിത്രം. ഇതില്‍ കാണികളുടെ ആവശ്യം പരിഗണിച്ച് തമിഴ് പതിപ്പില്‍ നിന്ന് 12 മിനിറ്റ് ആണ് കട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഹിന്ദി പതിപ്പില്‍ നിന്ന് 15 മിനിറ്റ് വരുന്ന രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഹിന്ദി പതിപ്പില്‍ നിന്ന് അജിത്തിന്‍റെ ഇന്‍ട്രൊഡക്ഷന് ശേഷമുള്ള ഗാനവും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ ഹിന്ദി പതിപ്പിന്‍റെ ആകെ ദൈര്‍ഘ്യം 18 മിനിറ്റ് കുറയും. റീ എഡിറ്റിംഗ് നടത്തിയ പതിപ്പുകള്‍ ഇന്നലെ വൈകിട്ട് മുതല്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുമുണ്ട്. നിര്‍മ്മാതാക്കളുടെ തീരുമാനം ചിത്രത്തിന്‍റെ കളക്ഷനെ ഗുണപരമായി സ്വാധീനിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

'തല'യുടെ വിളയാട്ടം; വലിമൈ റിവ്യൂ

രണ്ടര വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയില്‍ തമിഴ് സിനിമാ വ്യവസായം വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ് വലിമൈ. അജിത്തിന്‍റെ കഴിഞ്ഞ ചിത്രം നേര്‍കൊണ്ട പാര്‍വൈയുടെ സംവിധായകന്‍ എച്ച് വിനോദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്‍തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. യെന്നൈ അറിന്താലിനു ശേഷം അജിത്ത് പൊലീസ് കഥാപാത്രമായി സ്ക്രീനിലെത്തുന്ന ചിത്രവുമാണ് വലിമൈ. ഹുമ ഖുറേഷി നായികയാവുന്ന ചിത്രത്തില്‍ കാര്‍ത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു, സെല്‍വ, ജി എം സുന്ദര്‍, അച്യുത് കുമാര്‍, രാജ് അയ്യപ്പ, പേളി മാണി, ധ്രുവന്‍, ചൈത്ര റെഡ്ഡി, പാവേല്‍ നവഗീതന്‍, ദിനേശ് പ്രഭാകര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് വിജയ് വേലുക്കുട്ടി. പാട്ടുകള്‍ യുവന്‍ ശങ്കര്‍ രാജയും പശ്ചാത്തല സംഗീതം ജിബ്രാനുമാണ് ഒരുക്കിയിരിക്കുന്നത്. സഹനിര്‍മ്മാണം സീ സ്റ്റുഡിയോസ്.

Latest Videos
Follow Us:
Download App:
  • android
  • ios