'ഓപ്പണ്‍ഹെയ്‍മറിനും മഴയ്ക്കുമിടയിലും നല്‍കിയ സ്വീകരണത്തിന്'; പൊട്ടിക്കരഞ്ഞ് സംവിധായകന്‍

"നന്ദിയൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടൊരുപാട് ആള്‍ക്കാരോട് പറയാനുണ്ട്. വ്യക്തിപരമായി എല്ലാവരോടും ഞാന്‍ പറയുന്നുണ്ട്"

valatty director devan thanks audience for receiving his film amidst oppenheimer barbie and rain nsn

വൈവിധ്യമുള്ള പ്രമേയങ്ങള്‍ അടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. അവരുടെ ഏറ്റവും പുതിയ ചിത്രവും ആ ശ്രേണിയിലുള്ള ഒന്നാണ്. നായകളാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നവാ​ഗത സംവിധായകനായ ദേവന്‍ ഒരുക്കിയ ചിത്രം 21 നാണ് തിയറ്ററുകളില്‍ എത്തിയത്. ഹോളിവുഡ് ബി​ഗ് കാന്‍വാസ് ചിത്രങ്ങള്‍ക്കിടയിലും മഴയുടെ പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തുന്നുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ചിത്രം സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദി പറയാന്‍ ലൈവില്‍ എത്തിയ ദേവന്‍ കണ്ണീരോടെയാണ് സംസാരിച്ചത്.

സംവിധായകന്‍റെ വാക്കുകള്‍

"ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകള്‍ ഫോണിലൂടെയും മറ്റും അവരുടെ സ്നേഹവും സന്തോഷവും അറിയിക്കുന്നുണ്ട്. അത്രയധികം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നന്ദിയൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടൊരുപാട് ആള്‍ക്കാരോട് പറയാനുണ്ട്. വ്യക്തിപരമായി എല്ലാവരോടും ഞാന്‍ പറയുന്നുണ്ട്. എല്ലാവരോടും എനിക്ക് ഒരുപാട് നന്ദിയും കടപ്പാടുമൊക്കെ അറിയിക്കാനുണ്ട്. കണ്ടവര്‍ മറ്റുള്ളവരോട് പറഞ്ഞാണ് കുടുംബങ്ങളും കുട്ടികളുമൊക്കെ എത്തുന്നത്. ഒരുപാട് വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും മിഷന്‍ ഇംപോസിബിളും മഴയും വലിയ പ്രതിബന്ധങ്ങളായി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിനിടയിലും ഇത്രയും ആളുകള്‍ ഈ സിനിമ കാണുന്നു. ഒരു സ്റ്റാറിന്‍റെ തല കാണാതെയാണ് അവര്‍ വരുന്നത്. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. എന്‍റെയും കൂടെയുള്ള എല്ലാ വാലാട്ടികളുടെയും പേരില്‍ സ്നേഹം നിങ്ങളെ അറിയിക്കുകയാണ്. നാല് വര്‍ഷം ക്ഷമയോടെ കാത്തിരുന്നതാണ്. നമ്മള്‍ ഒരു ബാഹുബലിയൊന്നുമല്ല ചെയ്തത്. നന്മയുള്ള ഒരു കുഞ്ഞ് ചിത്രമാണ്. പക്ഷേ അത് ചെയ്തെടുക്കാന്‍ നല്ല അധ്വാനം വേണ്ടിവന്നു. നാല് വര്‍ഷമെടുത്തു. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു. അതിലൊന്നും എനിക്ക് ഒരു പ്രശ്നവുമില്ല. ഞാന്‍ ഒരു തുടക്കക്കാരനാണ്. എന്‍റെ ആദ്യത്തെ സിനിമയാണ്. അനുഭവത്തിലൂടെ ചെറിയ തെറ്റുകളൊക്കെ ഞാന്‍ ഒഴിവാക്കുമായിരിക്കും. ഈ സിനിമയ്ക്കുവേണ്ടി ജീവിതം മാറ്റിവച്ചതുകൊണ്ട് ഒരുപാട് നഷ്ടങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ സിനിമയ്ക്ക് ഇത്രയും പേരുടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിക്കുമ്പോള്‍ എനിക്ക് അതൊന്നും ഒരു പ്രശ്നമായി തോന്നുന്നില്ല. ഒരാള്‍ക്ക് ഒരു പട്ടിയെ ഒരു കല്ലെടുത്ത് എറിയേണ്ട എന്ന തോന്നിയാല്‍ ഈ സിനിമ കൊണ്ട് ഒരു അര്‍ഥമുണ്ടായെന്ന് ഞാന്‍ വിശ്വസിക്കുന്നു." 

ALSO READ : 'ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പ്'; 'മാളികപ്പുറം' താരം ദേവനന്ദ പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios