തിയറ്ററുകളിലെ സര്‍പ്രൈസ് ഹിറ്റ്; 'വാഴ' ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

ആനന്ദ് മേനന്‍ സംവിധാനം ചെയ്ത ചിത്രം

vaazha malayalam movie ott release date and platform announced disney plus hotstar vipin das

തിയറ്ററുകളിലെ സിനിമകളുടെ ജയപരാജയങ്ങള്‍ എത്ര വലിയ സിനിമാ നിരീക്ഷകനും പ്രവചിക്കാനാവില്ല. വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന പല ചിത്രങ്ങളും ബോക്സ് ഓഫീസില്‍ മൂക്കുകുത്തുമ്പോള്‍ പ്രതീക്ഷയുടെ അമിത ഭാരങ്ങളില്ലാതെ എത്തുന്ന ചില ചിത്രങ്ങള്‍ മികച്ച വിജയങ്ങളുമാവാറുണ്ട്. രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെട്ട ചിത്രമായിരുന്നു വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്. തിയറ്ററുകളിലെ വിജയകരമായ ഓട്ടത്തിന് ശേഷം ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്.

ആനന്ദ് മേനന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 15 ന് ആയിരുന്നു. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. സെപ്റ്റംബര്‍ 23 ന് ചിത്രം എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ജഗദീഷ്,  നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ALSO READ : 'കുട്ടൻ്റെ ഷിനിഗാമി'; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios