Asianet News MalayalamAsianet News Malayalam

സിനിമാ നിര്‍മ്മാണ രംഗത്തേക്ക് വി എ ശ്രീകുമാര്‍, ആശംസകളുമായി മോഹന്‍ലാല്‍; വരുന്നത് ആറ് സിനിമകള്‍

ആദ്യ സിനിമ ജനുവരിയില്‍ പാലക്കാട് ചിത്രീകരണം ആരംഭിക്കും.

va shrikumars vars studios and anjana talkies unite for movie productions mohanlal launches logo nsn
Author
First Published Nov 22, 2023, 7:57 PM IST | Last Updated Nov 22, 2023, 7:57 PM IST

ചലച്ചിത്ര, പരസ്യചിത്ര സംവിധായകനായ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. മിന്നല്‍ മുരളി, ആര്‍ഡിഎക്സ് എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവ് അന്‍ജന ഫിലിപ്പിന്‍റെ അന്‍ജനാ ടാക്കീസും വി എ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിന്‍റെ ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ആറോളം പ്രോജക്റ്റുകളുടെ രചനാജോലികളാണ് പൂര്‍ത്തിയായിവരുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഇതില്‍ ആദ്യ സിനിമ ജനുവരിയില്‍ പാലക്കാട് ചിത്രീകരണം ആരംഭിക്കും. 

ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല സിനിമയുടെ നിർമ്മാതാവായ ഓസ്ട്രേലിയയിലെ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്. ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരംഭത്തിന്റെ തീരുമാനം ഉചിതമാണെന്നും എല്ലാ ആശംസകളും പ്രാർത്ഥനയും ഉണ്ടെന്നും ലോഗോ പ്രകാശനം ചെയ്ത് മോഹൻലാൽ പറഞ്ഞു. കാമ്പും കാതലുള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രോജക്റ്റുകള്‍ക്ക് തുടക്കമിടുന്നത്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ് ഹരീഷ്, സി പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയ് തോമസ്, വി ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകൾ. 

"സാഹിത്യം, നടന്ന സംഭവങ്ങൾ എന്നീ സ്രോതസ്സുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സിനിമയുടെ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക. നല്ല  കഥകൾ കണ്ടെത്തുവാനായി, എന്നതാണ് നിർമ്മാണം ആരംഭിക്കാനുള്ള പ്രചോദനം. സിനിമകളോട് കുടുംബസമേതം ഞങ്ങൾക്കുള്ള ഇഷ്ടമാണ് നിർമ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുക"- അൻജന ഫിലിപ്പ് പറഞ്ഞു. 

"എല്ലാ സിനിമകൾക്കും ഈ ലോകത്തെ എല്ലാവരും പ്രേക്ഷകരായ ഒരു കാലത്താണ് ഇന്ന് നമ്മൾ. ഭാഷയുടെ അതിരുകൾ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണി ലഭിച്ച കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോൾ സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയറ്ററുകൾ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ്"- വി എ ശ്രീകുമാർ പറഞ്ഞു.

നോവലിസ്റ്റും കഥാകൃത്തും ഏദൻ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷിന്റ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഒഗിൾവി, ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ  ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐടിസി, ടിവിസ, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പരസ്യചിത്രം സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം രണ്ടു പേർ 2017ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്നു. മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. കഥയാണ് കാര്യം- എന്നതാണ് സംരംഭത്തിന്റെ ടാഗ് ലൈന്‍.

ALSO READ : മോഹന്‍ലാല്‍ ഒപ്പമുണ്ടായിട്ടും രജനിക്ക് സാധിച്ചില്ല; കേരളത്തില്‍ പുതിയ റെക്കോര്‍ഡുമായി വിജയ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios