'ഒടിയന്‍' സംവിധായകന്‍റെ പുതിയ പോസ്റ്റ്: കമന്‍റായി ഒഴുകി ലാലേട്ടന്‍ പ്രേമികളുടെ ആശങ്കകള്‍, ട്രോളുകള്‍.!
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാര്‍.
കൊച്ചി: വലിയ പ്രതീക്ഷയോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. 2018 ഇറങ്ങിയ ഒടിയന്‍ എന്നാല്‍ ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് അത് ഗുണകരമായില്ല എന്നാണ് അന്നത്തെ ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്.
വലിയ മേയ്ക്കോവറാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയത്. ഒടിയന്‍ മാണിക്യമായി എത്താന്‍ വലിയ ശാരീരിക മാറ്റങ്ങള്‍ തന്നെ മോഹന്‍ലാല്‍ വരുത്തി. ബോട്ടക്സ് ഇഞ്ചക്ഷന്‍ അടക്കം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി സ്വീകരിച്ചുവെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം മികച്ച രീതിയില്‍ വരാതിരുന്നതോടെ അതിന്‍റെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍.
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാര്‍.എന്‍റെ അടുത്ത സിനിമ പ്രിയപ്പെട്ട ലാലേട്ടനൊപ്പം എന്ന കുറിപ്പോടെ ചിത്രീകരണ സ്ഥലത്തുനിന്നും മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വി എ ശ്രീകുമാര്‍ പങ്കുവച്ചത്. ഇത് സിനിമാപ്രേമികളുടെ ശ്രദ്ധ പെട്ടെന്നുതന്നെ നേടി. റിയാക്ഷനുകളും കമന്‍റുകളുമൊക്കെ പ്രവഹിച്ചു. അതേസമയം ഫിലിം എന്ന് വി എ ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത് സിനിമ തന്നെയാണോ അതോ പരസ്യചിത്രമാണോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ നടക്കുന്നുണ്ട്.
ഇതോടെ ചിത്രത്തിന്‍റെ കമന്‍റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്.പലരും ഇത് ഒരു പരസ്യ ചിത്രം ആകാണമെ എന്നാണ് പറയുന്നത്. അതേ സമയം ഒടിയന്‍ അനുഭവവും, ഒടിയന് വേണ്ടി അന്ന് മോഹന്‍ലാല്‍ വരുത്തിയ ഗെറ്റപ്പ് ചെയിഞ്ചും പങ്കുവയ്ക്കുന്നവര്‍ ഏറെയാണ്. സിനിമയൊക്കെ എടുത്തോ ഓവർ ഹൈപ്പ് കൊടുത്ത് കുളമാക്കാതിരുന്നാൽ മതി ഒടിയൻ നല്ലൊരു ചിത്രമായിരുന്നു അതിന്റെ പരാജയം ഓവർ ഹൈപ്പായിരുന്നു എന്നാണ് ഒരാളുടെ കമന്‍റ്. ശ്രീകുമാര്‍ മേനോന് ആശംസകളും പലരും നേരുന്നുണ്ട്.
വിമർശനങ്ങൾക്ക് ഉള്ള ഒരു മറുപടി ആവട്ടെ ഈ പ്രൊജക്ട് എന്ന് ആശംസിക്കുന്നവരുമുണ്ട്. എന്തായാലും ഇത് പരസ്യ ചിത്രമാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. അതേ സമയം ഇത് അറിയാതെ പല മോഹന്‍ലാല്‍ ഫാന്‍സും കമന്‍റുകള്‍ ഇടുന്നുണ്ട്.
അതേസമയം രണ്ടാമൂഴം കൂടാതെ മറ്റൊരു ചിത്രവും മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ടി ഡി രാമകൃഷ്ണന്‍റെ രചനയില്‍ മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രമാണ് ഇത്. ഇതിലും മോഹന്‍ലാല്‍ ആണ് നായകന്‍. മിഷന്‍ കൊങ്കണ്‍ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമെന്നാണ് ഇതേക്കുറിച്ച് പറഞ്ഞിരുന്നത് എന്നാല്‍ പിന്നീട് അതിനെക്കുറിച്ച് വിവരങ്ങള്‍ വന്നില്ല.