ചാക്കോച്ചനില്ല, സ്റ്റാന്‍ഡിംഗ് ക്യാപ്റ്റനായി ഉണ്ണി മുകുന്ദന്‍; ആദ്യ മത്സരത്തിന്‍റെ ആവേശത്തിലേക്ക് കേരളം
പരിഷ്‍കരിച്ച ഫോര്‍മാറ്റിലാണ് പുതിയ സീസണിലെ മത്സരങ്ങള്‍ നിശ്ചയിച്ചിരിച്ചിരിക്കുന്നത്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ ഇന്നലെ ആരംഭിച്ച പുതിയ സീസണില്‍ മലയാളം താരങ്ങളുടെ ടീം ആയ സി3 കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യ മത്സരം ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് റായ്പൂരിലാണ് മത്സരം. തെലുങ്ക് താരങ്ങളുടെ ടീം ആയ തെലുങ്ക് വാരിയേര്‍സ് ആണ് എതിരാളികള്‍. ടീമില്‍ ഒരു സുപ്രധാന മാറ്റവും ഉണ്ട്. ടീമിന്‍റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറുമായ കുഞ്ചാക്കോ ബോബന്‍ ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. പകരം സ്റ്റാന്‍ഡിംഗ് ക്യാപ്റ്റനായി ടീമിനെ നയിക്കുക ഉണ്ണി മുകുന്ദന്‍ ആയിരിക്കും. ടീമിന് പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്‍റെ വീഡിയോ സി3 കേരള സ്ട്രൈക്കേഴ്സ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണ് കേരള ടീം അംഗങ്ങൾ. മിക്കവരും ഓള്‍റൗണ്ടര്‍മാരാണ് എന്നതാണ് കേരള സ്‍ട്രൈക്കേഴ്‍സിന് മുൻതൂക്കം നല്‍കുന്ന ഘടകം. അതേസമയം അഖില്‍ അക്കിനേനിയുടെ ക്യാപ്റ്റൻസിയിലാണ് തെലുങ്ക് താരങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. സച്ചിൻ ജോഷി, അശ്വിൻ ബാബു, ധരം, ആദര്‍ശ്, നന്ദ കിഷോര്‍, നിഖില്‍, രഘു, സമ്രത്, തരുണ്‍, വിശ്വ, പ്രിൻസ്, സുശാന്ത്, ഖയ്യും, ഹരീഷ് എന്നിവരാണ് ടീം അംഗങ്ങള്‍. വെങ്കിടേഷ് മെന്ററാണ്. തെലുങ്ക് വാരിയേഴ്‍സിന്റെയും ഈ സീസണിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.
പരിഷ്‍കരിച്ച ഫോര്‍മാറ്റിലാണ് പുതിയ സീസണിലെ മത്സരങ്ങള്‍ നിശ്ചയിച്ചിരിച്ചിരിക്കുന്നത്. പത്തോവര്‍ വീതമുള്ള രണ്ട് സ്‍പെല്ലുകള്‍ ഓരോ ടീമിനും ലഭിക്കുന്ന തരത്തില്‍ നാല് ഇന്നിംഗ്‍സുകളായിട്ടാണ് ഇത്തവണത്തെ സിസിഎല്‍. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്സ് ബംഗാള്‍ ടൈഗേഴ്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെ ചൈന്നൈ റൈനോസ് 10 വിക്കറ്റിന് പരാജയപ്പെടുത്തി.
ALSO READ : 'വാത്തി' ബോക്സ് ഓഫീസില്‍ ക്ലച്ച് പിടിക്കുമോ? ധനുഷ് ചിത്രം ആദ്യ ദിനം നേടിയത്