'പ്രതിദിനം 10,000 വച്ച് ബാലയ്ക്ക് നല്‍കിയത് 2 ലക്ഷം'; തെളിവുമായി ഉണ്ണി മുകുന്ദന്‍

"കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കല്‍ സാധ്യമല്ല"

unni mukundan responds to actor bala allegation not paying remuneration Shefeekkinte Santhosham movie

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച ഷെഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ബാലയുടെ പ്രസ്‍താവന ചര്‍ച്ചയും വിവാദവുമായിരുന്നു. എന്നാല്‍ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും സംവിധായകന്‍ അനൂപ് പന്തളവും ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്തും അടക്കമുള്ള അണിയറക്കാര്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവും നായക നടനുമായ ഉണ്ണി മുകുന്ദന്‍. ബാലയ്ക്ക് പ്രതിഫലം നല്‍കിയെന്നും 2 ലക്ഷം രൂപയാണ് നല്‍കിയതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. കൊച്ചിയിലെ അമ്മ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉണ്ണി മുകുന്ദന്‍റെ പ്രതികരണം. ഫേസ്ബുക്കിലൂടെ ബാങ്ക് ഇടപാടുകളുടെ രേഖകളും ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഉണ്ണി മുകുന്ദന് പറയാനുള്ളത്

ഷെഫീക്കിന്‍റെ സന്തോഷത്തിലേക്ക് ബാലയെ സജസ്റ്റ് ചെയ്തത് ഞാനാണ്. സൌഹൃദത്തിന്‍റെ പേരില്‍ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും അദ്ദേഹത്തിന് പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നല്‍കി. അവസാനം അഭിനയിച്ച ചിത്രത്തില്‍ 3 ലക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ പെയ്മെന്‍റ് നല്‍കിയതിനു ശേഷം അദ്ദേഹം വലിയ ഡിമാന്‍ഡ് മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കല്‍ സാധ്യമല്ല. പ്രതിഫലക്കാര്യം എന്‍റെ കൈയില്‍ നില്‍ക്കുന്ന തീരുമാനമല്ല. ലൈന്‍ പ്രൊഡ്യൂസര്‍ മുതല്‍ പലരുടെയും തീരുമാനമനുസരിച്ചാണ് അത്. ഒരുപക്ഷേ അടുത്ത ചിത്രത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാന്‍ എനിക്ക് സാധിച്ചേക്കും. മലയാളത്തില്‍ ബാല ആദ്യമായി സ്വയം ഡബ്ബ് ചെയ്‍ത സിനിമ ഇതായിരിക്കും. എന്നാലും ഡബ്ബിംഗില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മൂന്ന് ഡയലോഗുകള്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് ആണ് ഡബ്ബ് ചെയ്തത്. 

ALSO READ : 64 മോഡല്‍ ബുള്ളറ്റിലേറി ധ്യാന്‍ ശ്രീനിവാസന്‍; 'ബുള്ളറ്റ് ഡയറീസ്' ടീസര്‍

ബാല എന്‍റെ വളരെ അടുത്ത ഒരു സുഹൃത്താണ്. അടുത്തിടെ ടിനി ടോമിന്‍റെ മിമിക്രിയിലൂടെ വൈറല്‍ ആയ, ബാല സംവിധാനം ചെയ്‍ത ഒരു ചിത്രമുണ്ട്. അതില്‍ പറയപ്പെട്ട പേരുകാരില്‍ ആ ചിത്രത്തില്‍ അഭിനയിക്കാനെത്തിയത് ഞാന്‍ മാത്രമായിരുന്നു. മല്ലു സിംഗിന്‍റെ വിജയത്തിനു ശേഷമായിരുന്നു ആ ചിത്രം. സൌഹൃദത്തിന്‍റെ പേരിലാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. പ്രതിഫലമൊന്നും വാങ്ങാതെയാണ് അഭിനയിച്ചത്. അങ്ങനെ എത്രയോ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എന്‍റെ സഹപ്രവര്‍ത്തകര്‍ അങ്ങനെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ബാലയുടെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്ത ഏക നടന്‍ ഞാനാണ്. 

ഛായാഗ്രാഹകന്‍ എല്‍ദോ ഐസകുമായി 8 ലക്ഷം രൂപയുടെ കരാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. ചര്‍ച്ചകളുടെ അവസാനം 7 ലക്ഷം രൂപയാണ് അദ്ദേഹത്തിന് നല്‍കിയത്. പക്ഷേ തനിക്ക് പൈസ കിട്ടിയില്ല എന്ന് പുള്ളി പറയുന്നതായാണ് കേട്ടത്. പക്ഷേ അദ്ദേഹത്തിന് പണം നല്‍കിയതിന്‍റെ ബാങ്ക് രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട് നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിച്ച എന്‍റെ മറ്റൊരു സുഹൃത്ത് രാഹുല്‍ മാധവിന് ഞാനറിയാതെ പ്രൊഡക്ഷന്‍ ടീം പണം അയച്ചിരുന്നു. രാഹുല്‍ അത് എന്‍റെ അക്കൌണ്ടിലേക്ക് തിരിച്ച് അയക്കുകയാണ് ഉണ്ടായത്. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കും പ്രതിഫലം നല്‍കാതെ ഇരുന്നിട്ടില്ല. ഇന്നത്തെ കാലത്ത് അത് സാധ്യവുമല്ല. 

Latest Videos
Follow Us:
Download App:
  • android
  • ios