'യമഹ'; ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി

ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം

unni mukundan new movie yemaha announced by mammootty

ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകള്‍ സംബന്ധിച്ച പല അപ്ഡേറ്റുകളും പുറത്തെത്തുന്നുണ്ട്. നവാഗതനായ വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്ന മാളികപ്പുറം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് രാവിലെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഉണ്ണി നായകനാവുന്ന പുതിയൊരു ചിത്രം കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. യമഹ എന്നു പേരിട്ടിരിക്കുന്ന ചിത്രം മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. ബിഗ് ജെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസഫ്. സ്റ്റില്‍ ഫോട്ടോഗ്രഫി ജിനു പി കെ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, പബ്ലിസിറ്റി വിപിന്‍ കുമാര്‍, ഡിസൈന്‍സ് സോളമന്‍ ജോസഫ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 

അതേസമയം നിരവധി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്‍റെ സന്തോഷം, ലൂക്ക സംവിധാനം ചെയ്‍ത അരുണ്‍ ബോസ് ഒരുക്കുന്ന മിണ്ടിയും പറഞ്ഞും, വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മാസ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ബ്രൂസ് ലീ, നവാഗതനായ വിഷ്ണു ശശിശങ്കര്‍ ഒരുക്കുന്ന മാളികപ്പുറം എന്നിവയാണ് അത്. ഇതില്‍ മാളികപ്പുറത്തിന്‍റെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്.

ALSO READ : 'വിക്ര'ത്തിന്‍റെ വന്‍ വിജയത്തിനു ശേഷം കമല്‍ ഹാസന്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്; 'ഇന്ത്യന്‍ 2' തുടങ്ങി

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios