'എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും'; ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാളികപ്പുറം എന്ന ചിത്രം അവഗണിക്കപ്പെട്ടുവെന്ന് ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു

unni mukundan facebook post makes debate after kerala state film awards 2023 malikappuram nsn

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും വാക്കുകളും ചര്‍ച്ചയാവുന്നു. സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലൂടെ ഉണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്. "എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും", എന്നാണ് ഒപ്പമുള്ള കുറിപ്പ്.

ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന ചില വിമര്‍ശനങ്ങളിലൊന്ന് മാളികപ്പുറം എന്ന ചിത്രം അവഗണിക്കപ്പെട്ടു എന്നതായിരുന്നു. മികച്ച ബാലതാരത്തിലുള്ള പുരസ്കാരം ചിത്രത്തിലെ അഭിനയത്തിന് ദേവനന്ദയ്ക്ക് നല്‍കാമായിരുന്നു എന്നതായിരുന്നു വിമര്‍ശനത്തിന്‍റെ കാതല്‍. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് പിന്നാലെ ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പ്രതികരണവുമായി എത്തിയിരുന്നു. "അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്", എന്നായിരുന്നു അഭിലാഷ് പിള്ളയുടെ കുറിപ്പ്.

 

പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ച് തന്നെയാണ് ഉണ്ണി മുകുന്ദന്‍ പറയാതെ പറഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതു വിലയിരുത്തല്‍. എതിര്‍ത്തും അനുകൂലിച്ചും കമന്‍റ് ബോക്സില്‍ അഭിപ്രായപ്രകടനങ്ങളും എത്തുന്നുണ്ട്. അതേസമയം വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെണ്‍) പുരസ്കാരം ലഭിച്ചത്. ടൊവിനോ തോമസിനെ നായകനാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. തന്മയയുടെ പ്രകടനത്തെക്കുറിച്ച് ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ- "അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിന്".

ALSO READ : മലയാളികള്‍ക്ക് രസിച്ചോ 'ഓപ്പണ്‍ഹെയ്‍മര്‍'? നോളന്‍ ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios