'ഞാന്‍ ഒരു ഡി സി ഫാന്‍ ആണ്'; 'ഗന്ധര്‍വ്വ ജൂനിയറി'നായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍
"ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പുറത്തിറക്കാന്‍ സാധിച്ചാല്‍.."
കരിയറിലെ ഏറ്റവും മികച്ച വിജയത്തിന്‍റെ തിളക്കത്തിലാണ് ഉണ്ണി മുകുന്ദന്‍. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ മറുഭാഷാ സിനിമാപ്രേമികളെയും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ്. ഇപ്പോഴിതാ തന്‍റെ അപ്കമിംഗ് ലൈനപ്പില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ചിത്രമാണ് അത്. 2022 ല്‍ ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. എന്തുകൊണ്ട് ഈ ചിത്രം തനിക്ക് അത്രയേറെ പ്രിയപ്പെട്ടതാവുന്നുവെന്ന് പറയുകയാണ് നടന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം പറയുന്നത്.
"ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പുറത്തിറക്കാന്‍ സാധിച്ചാല്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും കാണാന്‍ കഴിയുന്ന ചിത്രമായിരിക്കും ഗന്ധര്‍വ്വ ജൂനിയര്‍. അത്രയും സാധ്യതയുള്ള സിനിമയാണ്. പൂര്‍ണ്ണമായും ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് അത്. ഒരുപാട് മാജിക്കും ലൗഡ്‍നെസുമൊക്കെയുള്ള ചിത്രം. ഞാന്‍ ഒരു ഡിസി ഫാന്‍ ആണ്. ഈ ചിത്രത്തിന് വേണ്ടി ആയിരുന്നു ഞാന്‍ മുടി നീട്ടി വളര്‍ത്തിയത്. ഞാന്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഗന്ധര്‍വ്വ ജൂനിയര്‍", ഉണ്ണി മുകുന്ദന്‍ പറയുന്നു.
സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് വിഷ്ണു അരവിന്ദ് സംവിധാന അരങ്ങേറ്റം നടത്തുന്നത്. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കൽക്കിക്കു ശേഷം ഇരുവരും ചേര്‍ന്നൊരുക്കുന്ന തിരക്കഥയാണ് ഗന്ധര്‍വ്വ ജൂനിയറിന്‍റേത്. ജെ എം ഇന്‍ഫോടെയ്ന്‍മെന്‍റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മലയാളമുള്‍പ്പെടെ ആറ് ഭാഷകളിലാണ് നിര്‍മ്മാതാക്കള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. അതേസമയം മാര്‍ക്കോയുടെ തെലുങ്ക് പതിപ്പ് ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹിന്ദി പതിപ്പിന് മികച്ച സ്വീകാര്യത ലഭിക്കുന്നത് തുടരുകയുമാണ്.