ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ; 'പേടിപ്പിക്കാൻ നോക്കണ്ട; ഇത് ഡിഎംകെയാണ്'
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും ഇഡിക്കും സിബിഐക്കും ഡിഎംകെയെ പേടിപ്പിക്കാനാകില്ലെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു.
ചെന്നൈ : മന്ത്രി പൊൻമുടിയുടെ ഇഡി കസ്റ്റഡിയ്ക്ക് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എൻ കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും ഇഡിക്കും സിബിഐക്കും ഡിഎംകെയെ പേടിപ്പിക്കാനാകില്ലെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. എഐഡിഎംകെയെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വരുതിയിലാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഡിഎംകെയുടെ കാര്യത്തിൽ അത് സംഭവിക്കില്ലെന്നും ഉദയനിധി തുറന്നടിച്ചു.
13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ഉദയനിധിയുടെ പ്രതികരണം. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാനായി സ്റ്റാലിൻ ബംഗ്ലൂരുവിലെത്തിയ സമയത്താണ് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയെയും ഇഡി കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടിൽ മന്ത്രിമാരെ പൂട്ടാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്നത് വ്യക്തമാണ്. സെന്തിൽ ബാലാജിക്ക് പിന്നാലെയാണ് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രി സ്റ്റാലിൻ സംയുക്ത പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടു മുൻപാണ് പരിശോധന തുടങ്ങിയത്. പൊന്മുടിയുടെ മകൻ ഗൗതംസിങ്കമണിയുടെ വസതിയിലും പരിശോധന നടന്നു. പിന്നാലെ 13 മണിക്കൂറുകൾക്ക് ശേഷമാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തത്.
2006 ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ഖ്വാറി ലൈസൻസ് നൽകി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വർഷങ്ങൾക്ക് ശേഷം ഇഡി നടപടി. ഈ കേസ് ജയലളിതയുടെ കാലത്താണ് രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം ,സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും ഇന്ന് പരിശോധന നടത്തുകയായിരുന്നു. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ ഇഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി.