Tyson Movie : കെജിഎഫ് നിര്‍മ്മാതാക്കളുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്, രചന മുരളി ഗോപി
കെജിഎഫ് 2ന്‍റെ കേരളത്തിലെ വിതരണം നിര്‍വ്വഹിച്ചത് പൃഥ്വിരാജ് ആയിരുന്നു
സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍ (Prithviraj Sukumaran). മുരളി ഗോപി (Murali Gopy) തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ടൈസണ്‍ (Tyson) എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് സര്‍പ്രൈസ് പ്രഖ്യാപനം.
എന്നാല്‍ പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമല്ല ഇത്. ബ്ലെസിയുടെ ആടുജീവിതത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു ശേഷം ആദ്യം സംവിധാനം ചെയ്യുക ലൂസിഫറിന്‍റെ രണ്ടാംഭാഗമായ എമ്പുരാന്‍ ആയിരിക്കും. അതിനു ശേഷമാണ് ടൈസണിന്‍റെ പ്രൊഡക്ഷനിലേക്ക് കടക്കുക. ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്.
മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയത്. മലയാളം ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. ലൂസിഫറിന്‍റെ വിജയ സമയത്തുതന്നെ രണ്ടാംഭാഗമായ എമ്പുരാന്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും കൊവിഡ് വന്നതോടെ പ്രോജക്റ്റ് അനിശ്ചിതമായി നീണ്ടു. ആ ഇടവേളയിലാണ് മോഹന്‍ലാലിനെ തന്നെ ടൈറ്റില്‍ കഥാപാത്രമാക്കി ബ്രോ ഡാഡിയുമായി പൃഥ്വിരാജ് വരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരുന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായ ഒന്നാണ്. അതേസമയം ഹൊംബാളെ ഫിലിംസുമായി പൃഥ്വിരാജ് നേരത്തെ സഹകരിച്ചിട്ടുണ്ട്. കെജിഎഫ് 2ന്‍റെ കേരളത്തിലെ വിതരണം നിര്‍വ്വഹിച്ചത് പൃഥ്വിരാജ് ആയിരുന്നു.
ALSO READ : വിഘ്‍നേശ് ശിവന് നയൻതാരയുടെ വിവാഹ സമ്മാനം 20 കോടി രൂപയുടെ ബംഗ്ലാവ്