ഐഎഫ്എഫ്‍കെ മത്സരവിഭാഗത്തില്‍ 'ചുരുളി'യും 'ഹാസ്യ'വും; മൂന്ന് വിഭാഗങ്ങളില്‍ സിനിമകള്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ നിന്നും മോഹിത് പ്രിയദര്‍ശിയുടെ ഹിന്ദി ചിത്രം 'കോസ', അക്ഷയ് ഇന്‍ദികറിന്‍റെ മറാത്തി ചിത്രം 'ക്രോണിക്കിള്‍ ഓഫ് സ്പേസ്/സ്ഥായ്‍പുരാണ്‍' എന്നീ ചിത്രങ്ങളും അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു
ഫെബ്രുവരി 12 മുതല്‍ 19 വരെ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 'ഇന്ത്യന്‍ സിനിമ നൗ', 'മലയാളം സിനിമ ടുഡേ' വിഭാഗങ്ങള്‍ പ്രഖ്യാപിച്ചു. ഈ രണ്ട് വിഭാഗങ്ങളില്‍ നിന്ന് അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെയും പട്ടിക പുറത്തെത്തി. മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി', ജയരാജിന്‍റെ 'ഹാസ്യം' എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ നിന്നും മോഹിത് പ്രിയദര്‍ശിയുടെ ഹിന്ദി ചിത്രം 'കോസ', അക്ഷയ് ഇന്‍ദികറിന്‍റെ മറാത്തി ചിത്രം 'ക്രോണിക്കിള്‍ ഓഫ് സ്പേസ്/സ്ഥായ്‍പുരാണ്‍' എന്നീ ചിത്രങ്ങളും അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. മലയാളം സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ നൗ, കലൈഡോസ്കോപ്പ് വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ താഴെ പറയുന്നവയാണ്.
മലയാളം സിനിമ ടുഡേ
കെ പി കുമാരന്‍റെ ഗ്രാമവൃക്ഷത്തിലെ കുയില്‍, മഹേഷ് നാരായണന്‍റെ സി യു സൂണ്‍, ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം, ഖാലിദ് റഹ്മാന്‍റെ ലവ്, വിപിന്‍ ആറ്റ്ലിയുടെ മ്യൂസിക്കല്‍ ചെയര്‍, ജിതിന്‍ ഐസക് തോമസിന്‍റെ അറ്റന്‍ഷന്‍ പ്ലീസ്, കാവ്യ പ്രകാശിന്‍റെ വാങ്ക്, നിതിന്‍ ലൂക്കോസിന്‍റെ പക- ദ് റിവര്‍ ഓഫ് ബ്ലഡ്, സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം, ശംഭു പുരുഷോത്തമന്‍റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം എന്നീ ചിത്രങ്ങള്‍.
ഇന്ത്യന്‍ സിനിമ നൗ
ഇവാന്‍ ഐറിന്‍റെ ഹിന്ദി, പഞ്ചാബി, കശ്മീരി ചിത്രം മൈല്‍സ്റ്റോണ്‍, അരുണ്‍ കാര്‍ത്തിക്കിന്‍റെ തമിഴ് ചിത്രം നസീര്‍, മനോജ് ജാഹ്സണ്‍, ശ്യാം സുന്ദര്‍ എന്നിവര്‍ ഒരുമിച്ച് സംവിധാനം ചെയ്ത തമിഴ് ചിത്രം ഹോഴ്‍സ് ടെയ്ല്‍, ചൈതന്യ തമാനെയുടെ മറാത്തി, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ചിത്രം ദി ഡിസൈപ്പിള്‍, തമിഴ് സംവിധാനം ചെയ്ത തമിഴ് ചിത്രം പിഗ്, പൃഥ്വി കോനനൂരിന്‍റെ കന്നഡ ചിത്രം വേര്‍ ഈസ് പിങ്ക്, പുഷ്പേന്ദ്ര സിംഗിന്‍റെ ഹിന്ദി ചിത്രം ദി ഷെപേര്‍ഡസ് ആന്‍ഡ് ദി സെവന്‍ സോംഗ്‍സ് എന്നീ ചിത്രങ്ങള്‍
കലൈഡോസ്‍കോപ്പ്
മലയാളത്തില്‍ നിന്നും ഡോണ്‍ പാലത്തറയുടെ 1956, മധ്യതിരുവിതാംകൂര്‍, സജിന്‍ ബാബുവിന്‍റെ ബിരിയാണി, ഷിനോസ് റഹ്മാന്‍, ഷജാസ് റഹ്മാന്‍ എന്നിവരുടെ വാസന്തി, ഗിരീഷ് കാസറവള്ളിയുടെ കന്നഡ ചിത്രം കാന്‍ നെയ്‍തര്‍ ബി ഹിയര്‍ നോര്‍ ജേണി ബിയോണ്ട്, ഇന്ദ്രാണി റോയ് ചൗധരിയുടെ ബംഗാലി ചിത്രം ഡെബ്രീസ് ഓഫ് ഡിസയര്‍, ഗോവിന്ദ് നിഹലാനിയുടെ ഇംഗ്ലീഷ് ചിത്രം അപ് അപ് ആന്‍ഡ് അപ് എന്നീ ചിത്രങ്ങള്‍.
സംവിധായകന്‍ മോഹന്‍ ചെയര്‍മാനും എസ് കുമാര്‍, പ്രദീപ് നായര്‍, പ്രിയ നായര്‍, ഫാ. ബെന്നി ബെനഡിക്ട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാലം സിനിമകള്‍ തിരഞ്ഞെടുത്തത്. സണ്ണി ജോസഫ് ചെയര്‍മാനും നന്ദിനി രാംനാഥ്, ജയന്‍ കെ ചെറിയാന്‍, പ്രദീപ് കുര്‍ബാ, പി വി ഷാജികുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുത്തത്. കമല്‍, ബീന പോള്‍, സിബി മലയില്‍, റസൂല്‍ പൂക്കുട്ടി, വി കെ ജോസഫ്, സി അജോയ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് കലൈഡോസ്‍കോപ്പ് വിഭാഗത്തിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.