'എന്ത് ദ്രോഹവും ചെയ്യാൻ മടിക്കാത്ത സ്ത്രീ കഥാപാത്രങ്ങൾ'; സീരിയലുകൾക്ക് സെന്‍സറിംഗ് വേണമെന്ന് ശ്രീകുമാരൻ തമ്പി

സംസ്ഥാന വനിതാ കമ്മിഷന്‍റെ പഠന റിപ്പോര്‍ട്ടിന് പിന്നാലെ ഉണ്ടായ ചര്‍ച്ചയില്‍ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി

tv serials need to be censored Sreekumaran Thampi supports prem kumar

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന വനിതാ കമ്മിഷന്‍റെ പഠന റിപ്പോര്‍ട്ട് വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്‍റെ പരാമര്‍ശവും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും വാദപ്രതിവാദങ്ങള്‍ നടന്നു. സീരിയല്‍ മേഖലയില്‍ നിന്നുള്ള മിക്കവാറും പേര്‍ പ്രേംകുമാറിനെ വിമര്‍ശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. സിനിമയ്ക്ക് പുറമെ സീരിയലുകളും നിര്‍മ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്

പരമ്പരകൾക്ക് സെൻസർഷിപ് വേണം. സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. മോഹനദർശനം, മേളപ്പദം (ദൂരദർശൻ), അക്ഷയപാത്രം, സപത്നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങൾ, അമ്മത്തമ്പുരാട്ടി (ഏഷ്യാനെറ്റ്), അളിയന്മാരും പെങ്ങന്മാരും, കോയമ്പത്തൂർ അമ്മായി (അമൃത ടി വി.), പാട്ടുകളുടെ പാട്ട് (സൂര്യ ടി.വി.), ബന്ധുവാര് ശത്രുവാര് (മഴവിൽ മനോരമ) എന്നീ പരമ്പരകൾ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്ത  വ്യക്തിയാണ് ഞാൻ. ദേശാഭിമാനി വാരികയിൽ വർഷങ്ങൾക്ക് മുമ്പ് പരസ്യപ്പെടുത്തിയ എന്റെ അഭിമുഖത്തിലാണ് ഈ  ശക്തമായ അഭിപ്രായം ഞാൻ പ്രകടിപ്പിച്ചത്.  സ്വന്തമായി പരമ്പര നിർമ്മിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഞാൻ ഈ അഭിപ്രായം തുറന്നു പറഞ്ഞത്. ഇതിനെ പിന്തുണച്ചു കൊണ്ട് മാതൃഭൂമി ടി വിയും മറ്റും അക്കാലത്തു ചർച്ചകൾ നടത്തുകയുണ്ടായി. ഇപ്പോൾ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ. പ്രേംകുമാർ പ്രകടിപ്പിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തോടു പൂർണ്ണമായും യോജിക്കുന്നു. 

എന്നാൽ പ്രേംകുമാറിനെ എതിർത്തുകൊണ്ട് ആരൊക്കെയോ രംഗത്തു വന്നിരിക്കുന്നതായി കാണുന്നു. തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണം. ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ''എൻഡോസൽഫാനേ''ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവയാണ്. ഒരു സ്ത്രീയെ നശിപ്പിക്കാനായി എന്തു ദ്രോഹവും ചെയ്യാൻ മറ്റൊരു സ്ത്രീയോ സ്ത്രീകളോ തയ്യാറാകുന്നതാണ്  പ്രധാന പ്രമേയം. ഈ കൂട്ടത്തിൽ അമ്മയും അമ്മായിയമ്മയും സഹോദരികളും നാത്തൂന്മാരുമൊക്കെ മാറിമാറിയോ ഒരുമിച്ചോ വരും. മലയാളി സ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്‌മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾ. ഈ അനീതിക്ക് അവസാനമുണ്ടായേ മതിയാകൂ. സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകണം. അല്ലാതെ സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത്.

ALSO READ : ഐഎഫ്എഫ്കെയില്‍ മധു അമ്പാട്ടിന് ആദരം; റെട്രോസ്‍പെക്റ്റീവില്‍ 'അമരം' ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios