'ഞാന്‍ ജീവനോടെയുണ്ട്'; മകന്‍ തലയ്ക്കടിച്ച് കൊന്നെന്ന വ്യാജവാര്‍ത്തയ്‍ക്കെതിരെ നടി വീണ കപൂര്‍
മുംബൈ ദിന്‍ദോഷി പൊലീസ് സ്റ്റേഷനിലാണ് വീണ പരാതിയുമായി എത്തിയത്
മുതിര്‍ന്ന ടെലിവിഷന്‍ താരം വീണ കപൂര്‍ കൊല്ലപ്പെട്ടതായി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വാര്‍ത്ത പ്രചരിച്ചിരുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ സച്ചിന്‍ കപൂര്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത് വീണ കപൂര്‍ തന്നെയാണ്! തന്‍റെ തന്നെ പേരുള്ള മറ്റൊരാളാണ് കൊല്ലപ്പെട്ടതെന്ന് പറയുന്ന വീണ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ മുംബൈ ദിന്‍ദോഷി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. മകന്‍ സച്ചിന്‍ കപൂറിനൊപ്പമാണ് അവര്‍ പരാതി നല്‍കാന്‍ എത്തിയത്.
എന്നെക്കുറിച്ച് വന്നത് വ്യാജ വാര്‍ത്തയാണ്. വീണ കപൂര്‍ എന്നു പേരുള്ള ഒരാള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണ്. പക്ഷേ ആ വീണ കപൂര്‍ ഞാനല്ല. ഞാന്‍ ഗുഡ്ഗാവിലാണ്, ജൂഹുവില്‍ അല്ല താമസം. പക്ഷേ ഞാന്‍ മകനൊപ്പമാണ് താമസിക്കുന്നത്. അതിനാലായിരിക്കാം കൊല്ലപ്പെട്ട വീണ കപൂര്‍ ഞാനാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വീണ പ്രതീകരിച്ചു.
ALSO READ : 'എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക'; മമ്മൂട്ടിയോട് ജൂഡ് ആന്റണി
ഞാന്‍ ജീവനോടെയുണ്ടെന്നും നന്നായിരിക്കുന്നുവെന്നും കൊല്ലപ്പെട്ടിട്ടില്ലെന്നും എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുക. ഈ വാര്‍ത്ത വലിയ ആഘാതമാണ് തന്നില്‍ സൃഷ്ടിച്ചതെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയുമായിരുന്നില്ലെന്നും വീണയുടെ മകന്‍ സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസില്‍ ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ഞങ്ങളെ നന്നായി പിന്തുണച്ചു, സച്ചിന്‍ കപൂര്‍ പറയുന്നു. സമാന അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാവാതിരിക്കാനാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് വീണ പറയുന്നു. ആ വാര്‍ത്ത വന്നതിനു പിന്നാലെ എന്‍റെ മൊബൈലിലേക്ക് പകലും രാത്രിയും കോളുകളായിരുന്നു. ഷൂട്ടിംഗിനിടെ പോലും കോളുകള്‍ വന്നുകൊണ്ടിരുന്നു. മാനസികമായി വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. ജോലിയില്‍ എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല, വീണ കപൂര്‍ പറഞ്ഞു നിര്‍ത്തുന്നു.