'പഠാന്' ശേഷം ബോളിവുഡില്‍ അടുത്ത ഹിറ്റ്? പ്രിവ്യൂ ഷോകളില്‍ വന്‍ അഭിപ്രായം നേടി 'തൂ ഛൂട്ടീ മേം മക്കാര്‍'
രണ്‍ബീര്‍ കപൂറിനെയും ശ്രദ്ധ കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലവ് രഞ്ജന്‍ സംവിധാനം ചെയ്ത ചിത്രം
ഇന്ത്യന്‍ സിനിമാ മേഖലയില്‍ ബോളിവുഡിന്‍റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പലതും പാന്‍ ഇന്ത്യന്‍ ശ്രദ്ധയും റെക്കോര്‍ഡ് കളക്ഷനുമൊക്കെ നേടുമ്പോള്‍ ബോളിവുഡില്‍ സിനിമകള്‍ നിരനിരയായി പരാജയപ്പെടുകയായിരുന്നു. കൊവിഡ് കാലത്തിനു ശേഷം സംഭവിച്ച സ്ഥിതിവിശേഷമാണിത്. എന്നാല്‍ അതിന് അവസാനമിട്ടിരുന്നു ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. പക്ഷേ ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി നേടിയ പഠാന് ശേഷം ബോളിവുഡിന് ഒരു ഹിറ്റ് സംഭവിച്ചിട്ടില്ല. അക്ഷയ് കുമാറിന്‍റേതുള്‍പ്പെടെ സിനിമകള്‍ എത്തിയെങ്കിലും അവയുടെയൊക്കെ യാത്ര പരാജയ വഴിയേ ആയിരുന്നു. ഇപ്പോഴിതാ ബോളിവുഡിന് പ്രതീക്ഷകള്‍ പകര്‍ന്ന് എത്തിയിരിക്കുകയാണ് മറ്റൊരു ചിത്രം.
രണ്‍ബീര്‍ കപൂറിനെയും ശ്രദ്ധ കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലവ് രഞ്ജന്‍ സംവിധാനം ചെയ്ത തൂ ഛൂട്ടീ ഹേ മക്കാര്‍ എന്ന ചിത്രമാണ് ബോളിവുഡിലെ അടുത്ത വിജയ ചിത്രമാവുമെന്ന് പ്രതീക്ഷകള്‍ ഉണര്‍ത്തിയിരിക്കുന്നത്. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. റിലീസ് ദിന തലേന്ന് നടത്തിയ പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍ ട്രേഡ് അനലിസ്റ്റുകളില്‍ നിന്നും നിരൂപകരില്‍ നിന്നുമൊക്കെ മികച്ച അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്.
പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള പുതുമയുള്ള ചിന്തകളാണ് ചിത്രം പങ്കുവെക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. ശ്രദ്ധ കപൂറും രണ്‍ബീര്‍ കപൂറും നന്നായെന്നും തരണ്‍ കുറിക്കുന്നു. അഞ്ചില്‍ നാല് റേറ്റിംഗ് ആണ് അദ്ദേഹം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. രണ്‍ബീറിന്‍റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടുള്ളതാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേലിന്‍റെ ട്വീറ്റ്. അതേസമയം മികച്ച അഡ്വാന്‍സ് ബുക്കിംഗുമാണ് ചിത്രത്തിന് ലഭിക്കുന്നത്. പിവിആര്‍, ഐനോക്സ്, സിനിപൊളിസ് മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്നായി ആദ്യ ദിനത്തിലേക്ക് 44,150 ടിക്കറ്റുകളാണ് നേരത്തെ വിറ്റുപോയിരുന്നത്.
ALSO READ : 'ബ്രില്യന്‍റ് മമ്മൂട്ടി സാര്‍'; 'നന്‍പകലി'ന് കൈയടിച്ച് ബോളിവുഡ് സംവിധായകന്‍