കേട്ടതിന്‍റെ പകുതി! 'അജയന്‍റെ' യഥാര്‍ഥ ബജറ്റ് എത്ര? കണക്കുകള്‍ വെളിപ്പെടുത്തി ടൊവിനോ
വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രം ഓണം റിലീസ് ആണ്
ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ നടനാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ 2021 ല്‍ പ്രദര്‍ശനത്തിനെത്തിയ മിന്നല്‍ മുരളി ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ഒരു ടൊവിനോ ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ജിതിന്‍ ലാലിന്‍റെ സംവിധാനത്തില്‍ ടൊവിനോ ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന അജയന്‍റെ രണ്ടാം മോഷണം (എആര്‍എം) ആണ് അത്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി 2ഡിയിലും 3ഡിയിലുമായാണ് ഈ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ യഥാര്‍ഥ ബജറ്റ് ചര്‍ച്ചയാവുകയാണ്.
സിനിമകളുടെ ബജറ്റും കളക്ഷനുമൊക്കെ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകകരമായ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന കാലമാണ് ഇത്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന എആര്‍എമ്മിന്‍റെ ബജറ്റിനെക്കുറിച്ച് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ യഥാര്‍ഥ ബജറ്റ് പ്രചരിച്ചതിന്‍റെ പകുതിയേ വരൂ എന്ന് പറയുന്നു അണിയറക്കാര്‍. ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഹൈന്‍ഡ്‍വുഡ്‍സ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ എആര്‍എമ്മിന്‍റെ ബജറ്റിനെക്കുറിച്ച് പറയുന്നത്.
ഇത്ര വലിയ ഒരു സിനിമയുടെ ബജറ്റ് എത്രയാണെന്ന് ചോദിക്കുന്ന അവതാരകയോട് പ്രവചിക്കൂ എന്ന് ടൊവിനോ പ്രതികരിക്കുന്നു. 60 കോടിക്ക് മുകളില്‍ എന്നാണ് അവതാരക പ്രതികരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ബജറ്റ് അതിന്‍റെ പകുതി പോലും വരില്ലെന്ന് ടൊവിനോ പറയുന്നു. "3ഡി, സിജി, പ്രൊമോഷന്‍ ഇതെല്ലാം ചേര്‍ത്താലും 30 കോടിയേ വരൂ", ടൊവിനോ പറയുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ മലയാളം അരങ്ങേറ്റമാണ് എആര്‍എം. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാജിക് ഫ്രെയിംസ്, യുജിഎം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് എആര്‍എം നിർമ്മിക്കുന്നത്. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തും.
ALSO READ : നാട്യങ്ങളില്ലാത്ത ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍; 'ഭരതനാട്യം' റിവ്യൂ