'പഠാന്‍റെ' തുടര്‍ച്ച, 1000 കോടിയില്‍ കണ്ണ്, 'ടൈഗര്‍ 3' ല്‍ നിന്ന് പ്രതീക്ഷിക്കേണ്ടതെന്തൊക്കെയെന്ന് സല്‍മാന്‍
യൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമായിരുന്നു 2012 ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ഏക് ഥാ ടൈഗര്‍
കൊവിഡ് കാലത്ത് വന്‍ തകര്‍ച്ച നേരിട്ട ബോളിവുഡിനെ കൈപിടിച്ചുയര്‍ത്തിയത് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആയിരുന്നു. പഴയ പകിട്ടോടെ വിജയങ്ങള്‍ സാധ്യമാവാതെനിന്ന ബോളിവുഡിനെ വീണ്ടും 1000 കോടി ക്ലബ്ബിലേക്ക് ആനയിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ, പഠാന് ശേഷമുള്ള ചിത്രം റിലീസിനായുള്ള തയ്യാറെടുപ്പുകളിലാണ്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ 3 ആണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടതെന്ന് സല്‍മാന്‍റെ കഥാപാത്രം തന്നെ വിശദീകരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
യൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമായിരുന്നു 2012 ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ഏക് ഥാ ടൈഗര്‍. 2017 ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്‍റെ ടൈഗര്‍ എന്ന് വിളിക്കപ്പെടുന്ന അവിനാഷ് സിംഗ് റാത്തോഡ് നായകനാവുന്ന ചിത്രം എത്തുന്നത്. പഠാനില്‍ അതിഥിതാരമായി ഈ വേഷത്തില്‍ സല്‍മാന്‍ എത്തിയിരുന്നു. സാഹചര്യങ്ങളാല്‍ ദേശദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട, ദേശസ്നേഹം തെളിയിക്കേണ്ടത് നിലനില്‍പ്പിന്‍റെ ആവശ്യമായിത്തീര്‍ന്ന സാഹചര്യത്തിലാണ് ടൈഗര്‍ 3 യിലെ നായകനെന്ന് വീഡിയോ പറയുന്നു. പഠാന്‍റെ സ്റ്റോറിലൈനിന് സമാനമാണ് ഇത്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യാഷ് രാജ് ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്.
പഠാന്‍റെ വന്‍ വിജയത്തിന് ശേഷമുള്ള സ്പൈ യൂണിവേഴ്സ് ചിത്രമെന്ന നിലയില്‍ ബോളിവുഡിന് വന്‍ പ്രതീക്ഷയുള്ള ചിത്രമാണിത്. ബാന്‍ഡ് ബാജ ഭാരത്, ലേഡീസ് വേഴ്സസ് റിക്കി ബാല്‍ അടക്കമുള്ള ചിത്രങ്ങളൊരുക്കിയ മനീഷ് ശര്‍മ്മയാണ് സംവിധാനം. പഠാന്‍റെ പകിട്ടോടെയാണ് ടൈഗര്‍ 3 യിലെ ആക്ഷന്‍ രംഗങ്ങളുമെന്ന് പുറത്തെത്തിയ വീഡിയോ പറയുന്നു.