അന്ന് ഷാരൂഖിനേക്കാളും വലിയ താരം; 11 ദിവസം കൊണ്ട് കരാറായത് 47 സിനിമകള്‍! പക്ഷേ പിന്നീട് സംഭവിച്ചത്
ആഷിഖി എന്ന സൂപ്പര്‍ഹിറ്റ് ചിത്രവുമായി 1990 ല്‍ ആയിരുന്നു രാഹുല്‍ റോയ്‍യുടെ ഹിന്ദി സിനിമാ അരങ്ങേറ്റം.
സിനിമയിലെ ഉയര്‍ച്ചയും താഴ്ചയും അപ്രവചനീയത നിറഞ്ഞതാണ്. കഴിവിനൊപ്പം തുടര്‍ച്ചയായ പരിശ്രമവും ഭാഗ്യവുമൊക്കെയുണ്ടെങ്കിലേ അവിടെ വിജയങ്ങളും താരപദവിയുമൊക്കെ നേടാനാവൂ. ഒന്നോ രണ്ടോ വിജയങ്ങള്‍ കൊണ്ട് വലിയ പ്രതീക്ഷ സൃഷ്ടിച്ച് പിന്നീട് അസ്തമിച്ചുപോയ വ്യക്തിത്വങ്ങള്‍ എല്ലാ ഇന്‍ഡസ്ട്രികളിലുമുണ്ട്. ബോളിവുഡ് സിനിമാപ്രേമികളെ സംബന്ധിച്ച് ഈ വിശേഷണം കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ഒരാളുണ്ട്. നടന്‍ രാഹുല്‍ റോയ് ആണ് അത്.
ആഷിഖി എന്ന സൂപ്പര്‍ഹിറ്റ് ചിത്രവുമായി 1990 ല്‍ ആയിരുന്നു രാഹുല്‍ റോയ്‍യുടെ ഹിന്ദി സിനിമാ അരങ്ങേറ്റം. ആഷിഖിയുടെ വിജയത്തിന് പിന്നാലെ രാഹുല്‍ നായകനായ മറ്റ് ചില ചിത്രങ്ങളും വിജയിച്ചു. ഖാന്‍ ത്രയങ്ങളൊക്കെ താരപദവി സ്വന്തമാക്കുന്നതിന് മുന്‍പേ ഭാവി താരം എന്ന് കല്‍പ്പിക്കപ്പെടുന്ന ആളായി മാറിയിരുന്നു രാഹുല്‍ റോയ്. അതും 26-ാം വയസില്‍. എന്നാല്‍ വലിയ വിജയങ്ങള്‍ നല്‍കിയ മികച്ച തുടക്കം കരിയറില്‍ തുടരാനായില്ല അദ്ദേഹത്തിന്.
കരിയറിന്‍റെ ആ ഘട്ടത്തില്‍ 11 ദിവസത്തെ സമയം കൊണ്ട് 47 സിനിമകളില്‍ രാഹുല്‍ റോയ് കരാര്‍ ഒപ്പിട്ടെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അതില്‍ പല ചിത്രങ്ങളും മുടങ്ങിപ്പോയി. അദ്ദേഹം നോ പറഞ്ഞ ചില ചിത്രങ്ങള്‍ തിയറ്ററുകളില്‍ വന്‍ വിജയങ്ങളുമായി. യാഷ് ചോപ്രയുടെ ഡര്‍ ആയിരുന്നു അതിലൊന്ന്. ഷാരൂഖിനെ താരമാക്കുന്നതില്‍ വലിയ സംഭാവന നല്‍കിയ ചിത്രമാണ് ഇത്. 1992 ന് ശേഷമുള്ള 9 വര്‍ഷങ്ങളില്‍ അദ്ദേഹം നായകനായ 15 ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങി. 2001 ല്‍ പുറത്തെത്തിയ അഫ്‍സാന ദില്‍വാലോം കാ ആയിരുന്നു അദ്ദേഹം നായകനായി അഭിനയിച്ച അവസാന ചിത്രം.
ഒരു ഇടവേള എടുത്ത് 2006 ല്‍ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും അഞ്ച് തുടര്‍ പരാജയങ്ങളായിരുന്നു ബാക്കി. 2010 മുതല്‍ ക്യാരക്റ്റര്‍ റോളുകളിലേക്ക് അദ്ദേഹം മാറി. ബിഗ് ബോസ് ഹിന്ദിയുടെ ഉദ്ഘാടന എപ്പിസോഡില്‍ മത്സരാര്‍ഥിയായി എത്തിയെങ്കിലും അവിടെയും രാഹുലിന് നേട്ടമൊന്നും ഉണ്ടാക്കാനായില്ല. 2020 ല്‍ ഹൃദയാഘാതം നേരിട്ടതിനെത്തുടര്‍ന്നുള്ള ചികിത്സയ്ക്ക് വലിയ തുക ആവശ്യമായിരുന്നു. അതിന് കഴിയാത്ത സാഹചര്യം ഉണ്ടായപ്പോള്‍ സല്‍മാന്‍ ഖാന്‍ ആണ് സഹായവുമായി എത്തിയത്. 2023 ല്‍ നടനൊപ്പം നിര്‍മ്മാതാവായും അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തി. കനു ബേലിന്‍റെ ആഗ്ര എന്ന ചിത്രത്തിലാണ് രാഹുല്‍ റോയ് അവസാനം അഭിനയിച്ചത്. മുംബൈയിലാണ് അദ്ദേഹം നിലവില്‍ താമസിക്കുന്നത്.
ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്