ചിത്രീകരിക്കുന്നത് വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍; 'ഗുഡ് ബാഡ് അഗ്ലി'യുടെ 50 ദിവസത്തെ സ്പെയിന്‍ ഷെഡ്യൂളിന് തുടക്കം
3-ാം തീയതി മുതല്‍ അത്തരം സീനുകള്‍ ചിത്രീകരിച്ചു തുടങ്ങുമെന്നാണ് വിവരം
അജിത്ത് കുമാറിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഒന്നാണ് ഗുഡ് ബാഡ് അഗ്ലി. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. കഴിഞ്ഞ നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂള്‍ സ്പെയിനില്‍ ആരംഭിച്ചിരിക്കുകയാണ്.
ഇന്ന് ആരംഭിച്ച സ്പെയിന്‍ ഷെഡ്യൂള്‍ 50 ദിവസം നീളുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഗംഭീര ആക്ഷന്‍ സീക്വന്‍സുകള്‍ സംവിധായകന് അവിടെ ചിത്രീകരിക്കാനുണ്ടെന്നും 3-ാം തീയതി മുതല്‍ അത്തരം സീനുകള്‍ ചിത്രീകരിച്ചു തുടങ്ങുമെന്നുമാണ് വിവരം. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എന്നാല്‍ കാസ്റ്റിംഗ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും എത്തിയിട്ടില്ല. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍.
മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഗുഡ് ബാഡ് അഗ്ലി പ്രദര്‍ശനത്തിന് എത്തുമെന്നാണ് കരുതപ്പെടുന്നത്. മാര്‍ക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. മലയാളത്തില്‍ ആമേന്‍, ബ്രോഡാഡി അടക്കമുള്ള സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദനായിരുന്നു ആദിക് രവിചന്ദ്രന്‍റെ കഴിഞ്ഞ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെയും ഛായാഗ്രഹണം. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അജിത്ത് കുമാറിന്‍റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.
അതേസമയം വിടാമുയര്‍ച്ചിയെന്ന മറ്റൊരു ചിത്രം കൂടി അജിത്ത് കുമാറിന്‍റേതായി പുറത്തെത്താനുണ്ട്. മഗിഴ് തിരുമേനിയാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.
ALSO READ : മാധവ് സുരേഷ് നായകന്‍; 'കുമ്മാട്ടിക്കളി' തിയറ്ററുകളിലേക്ക്