'ആ വര്‍ക്കൗട്ട് വീഡിയോ എന്‍റേതല്ല, സിനിമയിലേത്'; മാല പാര്‍വതി പറയുന്നു
മുഹമ്മദ് മുസ്‍തഫ സംവിധാനം ചെയ്ത ചിത്രം
മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയവയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു മുറ. കപ്പേള എന്ന സംവിധാന അരങ്ങേറ്റത്തിലൂടെ വിസ്മയിപ്പിച്ച മുഹമ്മദ് മുസ്തഫയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. നവംബര്‍ ആദ്യം തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാല പാര്‍വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ഒരു രംഗം താനെന്ന വ്യക്തിയുടേതെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നുവെന്ന് മാല പാര്‍വതി പറയുന്നു.
"മുറ എന്ന സിനിമയിൽ ജിമ്മില്‍ വർക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എൻ്റെ വർക്ക് ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസ്സേജ് ലഭിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്. സിനിമ കാണൂ. ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം", മാല പാര്‍വതി കുറിക്കുന്നു. മാല പാര്‍വ്വതി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മുറയിലെ രമാദേവി. ഒരു വനിതാ ഗുണ്ടാനേതാവാണ് ഒപ്പമുള്ളവര്‍ രമചേച്ചി എന്ന് വിളിക്കുന്ന ഈ കഥാപാത്രം.
ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, ജോബിൻ ദാസ്, അനുജിത്ത് കണ്ണൻ, യദു കൃഷ്ണൻ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, കനി കുസൃതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രചന നിർവഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് മുറയുടെ നിർമ്മാണം. ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റൻഡ്‌സ്.
ALSO READ : മാല പാർവ്വതിക്കൊപ്പം മനോജ് കെ യു; 'ഉയിര്' ടീസര്‍ എത്തി